മുഖ്യമന്ത്രിയുടെ ഭാര്യ പാർവതി വിവാദഭൂമി ‘മുഡ’യെ തിരിച്ചേൽപിച്ചു -കമീഷണർ
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുൾമുനയിൽ നിർത്തുന്ന മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാട് വിവാദത്തിൽ സുപ്രധാന വഴിത്തിരിവ്. മുഖ്യമന്ത്രിയുടെ ഭാര്യ ബി.എം. പാർവതി ആരോപണവിധേയമായ 14 പ്ലോട്ടുകളും മുഡക്ക് തിരിച്ചേൽപിച്ചതായി മുഡ കമീഷണർ എ.എൻ. രഘുനന്ദൻ ചൊവ്വാഴ്ച പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനും എം.എൽ.സിയുമായ യതീന്ദ്രയാണ് ഭൂമി തിരിച്ചുതരുന്നത് സംബന്ധിച്ച മാതാവിന്റെ കത്ത് കൈമാറിയതെന്ന് കമീഷണർ വ്യക്തമാക്കി.
നിയമോപദേശം തേടി തുടർനടപടികൾ സ്വീകരിക്കും. ദസറ ആഘോഷത്തിരക്കിലായതിനാൽ നടപടി വൈകിയേക്കാമെന്നും കമീഷണർ പറഞ്ഞു. മുഡ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തിങ്കളാഴ്ച മുഖ്യമന്ത്രി സിദ്ധാരാമയ്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വെള്ളിയാഴ്ച ലോകായുക്ത പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ ബി.എം. പാർവതി, ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി എന്നിവരെ പ്രതി ചേർത്തതിന് പിന്നാലെയായിരുന്നു അത്.

