മുഖ്യമന്ത്രി പ്രതിയായ ‘മുഡ’ കേസ് വാദം 29ലേക്ക് മാറ്റി
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതിയായ മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിലെ വിവാദമായ ക്ലോഷർ റിപ്പോർട്ടിന്മേലുള്ള വാദം കേൾക്കൽ എം.എൽ.എമാർക്കും എം.പിമാർക്കുംവേണ്ടിയുള്ള പ്രത്യേക കോടതി മേയ് 29 ലേക്ക് മാറ്റി.
അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കർണാടക ലോകായുക്ത ഔപചാരികമായി അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് കേസ് മാറ്റിവെച്ചത്. ലോകായുക്തയുടെ അന്വേഷണം പൂർത്തിയായതിനുശേഷം മാത്രമേ കേസ് ക്ലോഷർ റിപ്പോർട്ടിൽ തീരുമാനമെടുക്കൂ എന്ന് ഏപ്രിൽ 15 ന് കോടതി വ്യക്തമായി പറഞ്ഞിരുന്നു. എന്നാൽ, മേയ് ഏഴിന് അവസാന തീയതിക്കുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ വാദം കേൾക്കൽ വീണ്ടും മാറ്റിവെക്കാൻ കോടതി സമ്മതിച്ചു.
അതേസമയം, ഇടക്കാല റിപ്പോർട്ടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും മറ്റുള്ളവർക്കും ക്ലീൻ ചിറ്റ് നൽകിയതിനെ നിരന്തരം ചോദ്യം ചെയ്യുന്ന ഹരജിക്കാരനായ സ്നേഹമയി കൃഷ്ണ സി.ആർ.പി.സി സെക്ഷൻ 200 പ്രകാരം പുതിയ ഹരജി സമർപ്പിച്ചു. അന്വേഷണ ഏജൻസി മനഃപൂർവം നടപടികൾ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം കേസ് മൂടിവെക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും പ്രകടിപ്പിച്ചു. ക്രമക്കേടുകളും ഉത്തരവാദിത്തമില്ലായ്മയും ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ക്ലോഷർ റിപ്പോർട്ടിനെ എതിർത്തു.
ഇ.ഡിക്ക് ഇടപെടാനുള്ള നിയമപരമായ അവകാശം ജുഡീഷ്യൽ പരിശോധനയിലാണ്. ഈ കേസിൽ ഇ.ഡി.യെ ‘ആരോപണവിധേയ കക്ഷി’യായി കണക്കാക്കാൻ കഴിയില്ലെന്നും എതിർപ്പുകൾ സമർപ്പിക്കാൻ നിയമപരമായ അവകാശമില്ലെന്നും ലോകായുക്തയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഇ.ഡിയുടെ എതിർപ്പുകൾ പരിഗണിക്കാമെന്ന് കോടതി വിധിച്ചു. ലോകായുക്ത കേസ് കൈകാര്യം ചെയ്യുന്നതിലെ വൈരുധ്യം കോടതി നിരീക്ഷിച്ചു. ഒരു വശത്ത് ലോകായുക്ത ക്ലോഷർ റിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ട്. മറുവശത്ത് അന്വേഷണം തുടരേണ്ടതുണ്ടെന്ന് പ്രസ്താവിക്കുന്നുമുണ്ട്. അതിനാൽ അന്വേഷണം പൂർത്തിയാക്കട്ടെ.
അന്വേഷണം പൂർത്തിയായിക്കഴിഞ്ഞാൽ എതിർ ഹരജി പരിഗണിക്കുന്നത് ഉചിതമാണ് എന്നു കോടതി പറഞ്ഞു. മൈസൂരു നഗര വികസന അതോറിറ്റിയുടെ ഭൂമി അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് മുഡ കേസ്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാം പ്രതിയായ കേസ് ബി.ജെ.പി -ജെ.ഡി.എസ് സഖ്യം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

