എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണം
text_fieldsകേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന എം.ടി. വാസുദേവൻ നായർ- പി. ജയചന്ദ്രൻ അനുസ്മരണത്തിൽ എഴുത്തുകാരൻ സതീഷ് തോട്ടശ്ശേരി സംസാരിക്കുന്നു
ബംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ എം.ടി. വാസുദേവൻ നായർ- പി. ജയചന്ദ്രൻ അനുസ്മരണം നടത്തി. സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറിയും എഴുത്തുകാരനുമായ സതീഷ് തോട്ടശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി.
തന്റെ ദേശമായ കൂടല്ലൂരിന്റെ പരിസരങ്ങളിൽ ഒതുങ്ങിനിന്നുകൊണ്ടാണ് എം.ടി കഥാപാത്രങ്ങളെയും പ്രമേയങ്ങളെയും തിരഞ്ഞെടുത്തതെന്നും ജീവിതത്തിൽ ഇടം കിട്ടാത്ത അനാഥരും ദു:ഖിതരും ഏകാകികളും ബഹിഷ്കൃതരുമായവരായിരുന്നു എം.ടി കഥാപാത്രങ്ങളെന്നും അനുസ്മരണ പ്രഭാഷണത്തിൽ സതീഷ് തോട്ടശ്ശേരി പറഞ്ഞു. സാർവലൗകികമായ മനുഷ്യവികാരങ്ങൾ അക്ഷരങ്ങളിലേക്ക് സംക്രമിപ്പിച്ചുകൊണ്ട് അദ്ദേഹം തീർത്ത ഭാവനാ പ്രപഞ്ചത്തോടാണ് ലോകമെങ്ങുമുള്ള മലയാളികൾ ഐക്യപ്പെട്ടത്. കഴിഞ്ഞ തലമുറകൾക്കെന്നപോലെ വരുന്ന തലമുറകളിലെ മലയാളികൾക്കും എം.ടി സാഹിത്യം വായനയുടെ വഴിവിളക്കായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിന്നി ഗംഗാധരൻ, ഡോ. സ്വർണ ജിതിൻ, എൻ.കെ. രാജേഷ്, എം.കെ. രാകേഷ്, പി.എസ്. സജിത് എന്നിവർ സംസാരിച്ചു.
അനശ്വര ഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത പി. ജയചന്ദ്രൻ അയത്നലളിതവും ഭാവനാസുന്ദരവുമായ ആലാപനശൈലികൊണ്ട് ഭാഷാഭേദമന്യേ ജനഹൃദയങ്ങളുടെ ഭാവഗായകനായി മാറിയെന്ന് യോഗം വിലയിരുത്തി. ജയചന്ദ്രന്റെ ഗാനങ്ങളും എം.ടി. ചിത്രങ്ങളിലെ ഗാനങ്ങളും യോഗത്തിൽ ആലപിച്ചു. എം. പത്മനാഭൻ സ്വാഗതവും പി.കെ. രജീഷ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.