രണ്ടു മാസത്തിനിടെ 200ലേറെ മനുഷ്യാവകാശലംഘന കേസുകൾ മൈസൂരുവിൽ പരിഹരിച്ചു
text_fieldsമനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് എൽ. നാരായണ സ്വാമി മൈസൂരുവിൽ വാർത്തസമ്മേളനത്തിനിടെ
ബംഗളൂരു: മൈസൂരുവിൽ രണ്ടുമാസത്തിനിടെ 200ലേറെ മനുഷ്യാവകാശലംഘന കേസുകൾ പരിഹരിച്ചതായി കർണാടക സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് എൽ. നാരായണ സ്വാമി അറിയിച്ചു. മൈസൂരു ജലദർശിനി ഗസറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവർഷം നവംബർ 28നായിരുന്നു ജസ്റ്റിസ് എൽ. നാരായണ സ്വാമി കർണാടക മനുഷ്യാവകാശ കമീഷൻ ചെയർമാനായി ചുമതലയേറ്റത്. തുടർന്ന് രണ്ടു മാസത്തിനിടെ മൈസൂരുവിലും യാദ്ഗിർ, കലബുറഗി ജില്ലകളിലുമടക്കം അദ്ദേഹം സന്ദർശനം നടത്തി. താൻ ചുമതലയേൽക്കുമ്പോൾ കമീഷന് മുന്നിൽ 6,000 കേസുകൾ ഉണ്ടായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ 1230 കേസുകൾ പരിഹരിച്ചു.
ബാക്കി കേസുകൾ വരും ദിവസങ്ങളിൽ തീർക്കാൻ ശ്രമിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിക്ക് കമീഷൻ ഒരു മടിയും കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പല്ലുപൊഴിഞ്ഞ സിംഹത്തെപോലെയാണ് ചിലർ മനുഷ്യാവകാശ കമീഷനെ കാണുന്നത്. മറ്റു ചിലർ കമീഷന്റെ പേരിൽ തട്ടിപ്പ് നടത്തുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കമീഷൻ അംഗങ്ങളായ ടി. ശ്യാം ഭട്ട്, എസ്.കെ. വന്ദിഗൊഡി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

