നിയമസഭയുടെ വർഷകാല സമ്മേളനം ആഗസ്റ്റ് 11 മുതൽ
text_fieldsബംഗളൂരു: കർണാടക നിയമസഭയുടെ വർഷകാല സമ്മേളനം ആഗസ്റ്റ് 11 മുതൽ 22 വരെ വിധാന സൗധയിൽ നടക്കും. ഐ.പി.എൽ കിരീട വിജയത്തെ തുടർന്ന് ആർ.സി.ബി സംഘടിപ്പിച്ച വിജയാഘോഷം വീക്ഷിക്കാനെത്തിയവരിൽ 11 പേർ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട സംഭവം നിയമസഭ സമ്മേളനത്തിൽ സർക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കിയേക്കും.
ഇതിനു പുറമെ, പുതിയ ജാതി സെൻസസ്, പട്ടികജാതിക്കാർക്കിടയിലെ ആഭ്യന്തര സംവരണത്തിന് മുന്നോടിയായി സംഘടിപ്പിച്ച സർവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ദക്ഷിണ കന്നട മേഖലയിലെ കൊലപാതകങ്ങൾ തുടങ്ങിയവയും പ്രധാന ചർച്ചയായി പ്രതിപക്ഷം ഉയർത്തും.
അതേസമയം, പ്രധാന ബില്ലുകൾ സിദ്ധരാമയ്യ സർക്കാർ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ചിന്നസ്വാമി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ പുതിയ നിയമം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി ‘കർണാടക ക്രൗഡ് കൺട്രോൾ ബിൽ 2025’ നിയമസഭയിൽ അവതരിപ്പിക്കും.
ഇതിനു പുറമെ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനം തടയാൻ കർണാടക രോഹിത് വെമുല ബിൽ 2025, തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും തടയാൻ ‘കർണാടക മിസ് ഇൻഫർമേഷൻ- ഫേക്ക് ന്യൂസ് പ്രൊഹിബിഷൻ ബിൽ 2025’, വിദ്വേഷ പ്രസ്താവനകൾക്കും പ്രചാരണങ്ങൾക്കുമെതിരെ നിയമം കർശനമാക്കുന്ന ‘കർണാടക ഹേറ്റ് സ്പീച്ച് ആൻഡ് ഹേറ്റ് ക്രൈംസ് പ്രിവൻഷൻ ബിൽ 2025’ തുടങ്ങിയ ബില്ലുകളും വരാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

