കന്നഡ പ്രഭക്ക് മുന്നറിയിപ്പ് നൽകി ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈർ
text_fieldsമുഹമ്മദ് സുബൈർ
ബംഗളൂരു: രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കന്നഡ പ്രഭ ഓണ്‍ലൈന്‍ പത്രത്തില്‍ തന്നെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ.
റിപ്പോർട്ട് പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ശനിയാഴ്ച സുബൈർ കന്നഡ പ്രഭയെയും രാജീവ് ആർ. ചന്ദ്രശേഖറിനെയും ടാഗ് ചെയ്തുകൊണ്ട് എക്സിലൂടെ മുന്നറിയിപ്പ് നൽകി. ഇതേതുടര്‍ന്ന് പത്രം വെബ്സൈറ്റിൽ നിന്ന് റിപ്പോർട്ട് നീക്കം ചെയ്തു. ഒക്ടോബർ ഒമ്പതിന് കന്നഡ പ്രഭ പത്രത്തില്‍ 'ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ നമ്മ മെട്രോയിൽ മർദ്ദിച്ചോ? വിഡിയോ വൈറലാകുന്നു' എന്ന തലക്കെട്ടിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. നമ്മ മെട്രോയിൽ സുബൈറിനെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെനന്നും സംഭവത്തിന് ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദു മതവികാരം വ്രണപ്പെടുത്തുകയും വർഗീയ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് സുബൈറിന്റെ ട്വീറ്റുകൾ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
ഒക്ടോബർ എട്ടിന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഫ്രീഡം പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പ്രതിഷേധത്തിൽ നടൻ പ്രകാശ് രാജ്, യൂട്യൂബർ ധ്രുവ് റാഠി, സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ എന്നിവര്‍ക്കൊപ്പം സുബൈർ പങ്കെടുത്തതായി കന്നഡ പ്രഭ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിഷേധത്തിന് ശേഷം സുബൈറിനെ ആക്രമിക്കുന്നതായി കാണിക്കുന്ന വിഡിയോ എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. ബംഗളൂരുവിൽ താൻ ഉൾപ്പെട്ട സംഭവത്തിൽ നിന്നുള്ളതല്ല വിഡിയോയെന്ന് സുബൈർ പറഞ്ഞു.
2024 ഒക്ടോബർ 16-ന് 'ഘർ കെ കലേഷ്' എന്ന അക്കൗണ്ടിൽ നിന്നുള്ള ഒരു എക്സ് പോസ്റ്റ് അദ്ദേഹം ചൂണ്ടിക്കാട്ടി. പോസ്റ്റിൽ സമാനമായ ദൃശ്യങ്ങൾ കാണിക്കുകയും ഡൽഹി മെട്രോയിൽ ഒരു കള്ളൻ പിടിക്കപ്പെട്ട സംഭവമാണ് ദൃശ്യത്തില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
പഴയ വിഡിയോ താനാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് സുബൈർ ആരോപിച്ചു. സുബൈറിന്റെ പോസ്റ്റിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. വിഡിയോ സ്ഥിരീകരിക്കാതെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ചില ഉപയോക്താക്കൾ കന്നഡ പ്രഭയെ വിമർശിച്ചു. സുബൈറിന് നിയമ സഹായം വാഗ്ദാനം ചെയ്തുള്ള കമന്റുകളും വന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

