മോദിയുടെ സന്ദർശനം പരാജയ ഭീതിമൂലം -കോൺഗ്രസ്
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭീതിയുള്ളതിനാലാണ് പ്രധാനമന്ത്രി ഇടക്കിടെ കർണാടക സന്ദർശിക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ ആരോപിച്ചു.
കർണാടകയിൽ ബി.ജെ.പി എത്രമാത്രം ദുർബലമാണെന്നാണ് മോദിയുടെ സന്ദർശനം തെളിയിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങൾ ബി.ജെ.പി ഭരണം തൂത്തെറിയണമെന്ന് ആഗ്രഹിക്കുന്നു. ഇത് തിരിച്ചറിഞ്ഞതിനാലാണ് ബി.ജെ.പി കേന്ദ്രനേതാക്കൾ ഇടക്കിടെ കർണാടകയിൽ എത്തുന്നത്.
തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ബി.ജെ.പി നേതാക്കൾ സമ്മതിച്ചു കഴിഞ്ഞുവെന്നാണ് ഇത്തരം സന്ദർശനത്തിലൂടെ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയല്ല, ആര് സന്ദർശനം നടത്തിയാലും കർണാടകിലെ ബുദ്ധിമാന്മാരായ ജനങ്ങൾ ബി.ജെ.പിയെ ഭരണത്തിൽനിന്ന് തൂത്തെറിയാൻ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.
ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് സിനിമ താരങ്ങളെ ബി.ജെ.പി കളത്തിലിറക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) ഉപയോഗിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ട്.
ബി.ജെ.പി ഏജന്റുമാരായാണ് പൊലീസ് പ്രവർത്തിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാൻ താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവർക്ക് 40 ദിവസം കൂടി മാത്രമെ ഇക്കാര്യങ്ങൾ ചെയ്യാൻ കഴിയൂ എന്നും ശിവകുമാർ പറഞ്ഞു.
ബന്ദിപ്പുരിനെ അദാനിക്ക് വിൽക്കരുതെന്ന് മോദിയോട് കോൺഗ്രസ്
ബംഗളൂരു: ബന്ദിപ്പുർ കടുവസംരക്ഷണ കേന്ദ്രം അദാനിക്ക് വിൽക്കരുതെന്ന് പ്രധാനമന്ത്രി മോദിയോട് കോൺഗ്രസിന്റെ അഭ്യർഥന.
ദേശീയ കടുവ സംരക്ഷണപദ്ധതിയുടെ വാർഷികത്തിന് ബന്ദിപ്പുരിൽ എത്തിയ മോദി കടുവസങ്കേതത്തിലൂടെ സഫാരി നടത്തിയതിനെ തുടർന്നാണ് കോൺഗ്രസിന്റെ പരിഹാസം. 1973ൽ കോൺഗ്രസ് സർക്കാറാണ് ബന്ദിപ്പുർ കടുവ സംരക്ഷണപദ്ധതി തുടങ്ങിയത്.
അവിടെയാണ് മോദി ഇപ്പോൾ സഫാരി ആസ്വദിക്കുന്നത്. ഇപ്പോൾ അവിടെ നിരവധി കടുവകൾ ഉണ്ട്. ബന്ദിപ്പുരിനെ അദാനിക്ക് വിൽക്കരുതെന്ന് ദയവായി അഭ്യർഥിക്കുകയാണ്.
കടുവ പദ്ധതിയുടെ ആരംഭകാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി കടുവക്കുഞ്ഞിനെയുമെടുത്ത് നിൽക്കുന്ന ഫോട്ടോയും ട്വിറ്ററിൽ കോൺഗ്രസ് പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

