ബംഗളൂരുവിൽ 36.6 കിലോമീറ്റർ റോഡ്ഷോയുമായി മോദി
text_fieldsബംഗളൂരു: നഗരത്തിൽ ശനിയാഴ്ച ബി.ജെ.പി പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 36.6 കിലോമീറ്റർ റോഡ് ഷോ നടത്തും. ‘നമ്മ കർണാടക’ എന്ന പേരിൽ നടത്തുന്ന റോഡ് ഷോ ബംഗളൂരുവിലെ 17 നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുത്തിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ 10.1 കിലോമീറ്റർ ആദ്യഘട്ടമായും വൈകീട്ട് നാലു മുതൽ രാത്രി 10 വരെ 26.5 കിലോമീറ്റർ രണ്ടാം ഘട്ടമായുമാണ് റോഡ്ഷോ അരങ്ങേറുക. 10 ലക്ഷംപേർ പങ്കാളികളാവുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. രാവിലെ 11 ന് മഹാദേവപുരയിലെ സുരഞ്ജൻ ദാസ് റോഡിൽനിന്ന് ആരംഭിക്കുന്ന യാത്ര കെ.ആർ പുരം, സി.വി രാമൻ നഗർ, ശാന്തിനഗർ മണഡലങ്ങളിലൂടെ ഉച്ചക്ക് ഒന്നിന് ശിവാജി നഗറിലെത്തും. വൈകീട്ട് നാലിന് സൗത്ത് ബംഗളൂരുവിലെ ബ്രിഗേഡ് മില്ലേനിയത്തിൽനിന്ന് പുനരാരംഭിക്കുന്ന റോഡ് ഷോ ബൊമ്മനഹള്ളി, ജയനഗർ, പത്മനാഭ നഗർ, ബസവനഗുഡി, ചിക്പേട്ട്, ചാമരാജ് പേട്ട്, ഗാന്ധിനഗർ, വിജയനഗർ, ഗോവിന്ദരാജ നഗർ, രാജാജി നഗർ, മഹാലക്ഷ്മി ലേഔട്ട് വളി മല്ലേശ്വരത്ത് സാങ്കേി ടാങ്കിന് സമീപം സമാപിക്കും. ബംഗളൂരു നഗരത്തിലെ 28 മണ്ഡലങ്ങളിൽ 15 എണ്ണം ബി.ജെ.പിക്കും 12 മണ്ഡലങ്ങൾ കോൺഗ്രസിനും ഒപ്പമാണ്. ഒരു മണ്ഡലത്തിൽ നിലവിൽ ജെ.ഡി-എസ് പ്രാതിനിധ്യമുള്ളത്. മോദിയുടെ വമ്പൻ റോഡ് ഷോ അരങ്ങേറുന്നതിനാൽ ശനിയാഴ്ച നഗരത്തിൽ മിക്ക റോഡുകളിലും ഗതാഗത നിയന്ത്രണങ്ങളുണ്ടാകും. ഇതുസംബന്ധിച്ച് ട്രാഫിക് പൊലീസ് വൈകാതെ അറിയിപ്പ് പുറത്തിറക്കും.