മോദി ഭരണം പൂജ്യം- സിദ്ധരാമയ്യ
text_fieldsസിദ്ധരാമയ്യ
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കളാഴ്ച രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന് ‘പൂജ്യം’ മാർക്ക് നൽകുമെന്നും അത് ‘പബ്ലിസിറ്റി’യിൽ മാത്രം നിലനിൽക്കുന്നുവെന്നും അദ്ദേഹം മൈസൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി മോദി ഇന്ന് 11 വർഷം അധികാരത്തിൽ തികയുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം. പ്രധാനമന്ത്രി മോദി അധികാരത്തിലെത്തിയിട്ട് 11 വർഷമായെങ്കിലും അദ്ദേഹത്തിന്റെ സർക്കാർ പ്രചാരണത്തെ മാത്രം ആശ്രയിക്കുകയും പ്രചാരണത്തിൽ നിലനിൽക്കുകയുമാണ്.
‘നോട്ട് അസാധുവാക്കലിന്റെ ഗുണം ആർക്കാണ് ലഭിച്ചത്? അദ്ദേഹം (മോദി) ‘അച്ഛേ ദിൻ ആയേഗാ’ (നല്ല ദിവസങ്ങൾ വരും) എന്ന് പറഞ്ഞു, എന്താണ് സംഭവിച്ചത്? എല്ലാ വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
അതിന് എന്ത് സംഭവിച്ചു? കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി, അതിന് എന്ത് സംഭവിച്ചു? അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നെങ്കിൽ കർഷകർ ഒരുവർഷത്തേക്ക് സമരം ചെയ്തത് എന്തിനാണ്?’ മോദി സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും പാലിക്കപ്പെട്ടില്ല . മോദി സർക്കാർ തെറ്റായ പ്രചാരണം നടത്തുകയാണ്. മാധ്യമങ്ങൾ അദ്ദേഹത്തിന് അമിതമായ പ്രചാരണം നൽകുന്നു.
നമ്മുടെ സർക്കാർ ഗാരന്റി പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ, അത് നടപ്പിലാക്കാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ പാപ്പരാകുമെന്നും അവർ (ബി.ജെ.പി) അവകാശപ്പെട്ടു. എന്നാൽ, അവർ അതേ പദ്ധതികൾ പകർത്തി രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ നടപ്പിലാക്കി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മോദി നികുതിയിൽ 50 ശതമാനം വികേന്ദ്രീകരണം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പ്രധാനമന്ത്രിയായശേഷം അദ്ദേഹം എന്താണ് ചെയ്തത്? നിങ്ങൾ (മാധ്യമങ്ങൾ) ഇതെല്ലാം ഉയർത്തിക്കാട്ടിയില്ല. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 5,300 കോടി രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തു. അവർ അത് നൽകിയോ? 15ാം ശമ്പള കമീഷൻ സംസ്ഥാനത്തിന് 11,495 കോടി രൂപ ശിപാർശ ചെയ്തു, അതായിരുന്നോ നൽകിയത്? ഇത് പ്രധാനമല്ലേ? കർണാടകക്ക് നീതി ലഭിക്കണമെന്ന് ബി.ജെ.പിയോട് ആവശ്യപ്പെടുമ്പോൾ അവർ നിശബ്ദത പാലിക്കുന്നു. പകരം, അവർ വ്യാജ പ്രചാരണം തുടരുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.