മോദിയും അമിത്ഷായും ഭരണഘടനാ വിരുദ്ധർ -പ്രിയങ്ക ഗാന്ധി
text_fieldsബെളഗാവിയിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘ഗാന്ധി ഭാരത്’ കൺവെൻഷനിൽ പ്രിയങ്ക ഗാന്ധി സംസാരിക്കുന്നു
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഭരണഘടനാ വിരുദ്ധരാണെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി പറഞ്ഞു. വടക്കൻ കർണാടകയിലെ ബെളഗാവിയിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘ഗാന്ധി ഭാരത്’ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ. 1924ൽ മഹാത്മാഗാന്ധിയുടെ അധ്യക്ഷതയിൽ ബെളഗാവിയിൽ നടന്ന എ.ഐ.സി.സി യോഗത്തിന്റെ നൂറാം വാർഷികത്തിലാണ് ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’ എന്ന മുദ്രാവാക്യത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചത്.
മോദിയും അമിത്ഷായും ഭരണഘടനാ വിരുദ്ധരാണ്. അവരുടെ ആശയങ്ങൾ രാജ്യത്തിന്റെ വൈവിധ്യത്തിനെതിരാണ്. ഭരണഘടന, സംവരണം, സാമൂഹിക നീതി എന്നിവക്കെതിരാണ് ബി.ജെ.പി. രാജ്യമോ ജനാധിപത്യമോ രാജ്യത്തെ ജനങ്ങളോ അല്ല ബി.ജെ.പിയുടെ മുൻഗണന. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്താനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഭരണഘടനയെയും ഭരണഘടനാ ശിൽപിയായ അംബേദ്കറെയും പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അപമാനിച്ചതുപോലെ മുമ്പൊരു സർക്കാറും പ്രവർത്തിച്ചിട്ടില്ല.
കോൺഗ്രസിതര സർക്കാറുകളടക്കം പല സർക്കാറുകളും വന്നുപോയി. എന്നാൽ, ഒരു സർക്കാറിലും ഒരു മന്ത്രി പാർലമെന്റിനകത്ത് അംബേദ്കറെ അപമാനിച്ചിട്ടില്ല. അംബേദ്കർ പാർലമെന്റിൽ അപമാനിക്കപ്പെടുമെന്ന് ഒരിക്കൽപോലും സങ്കൽപിച്ചിരുന്നില്ല. ആ പ്രവൃത്തി കൊണ്ട് അമിത്ഷാ രാജ്യത്തെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സർവം ത്യജിച്ച സമര പോരാളികളെയുമാണ് അപമാനിച്ചത്.
രാജ്യം സ്വാതന്ത്ര്യത്തിനായി പൊരുതിയപ്പോൾ ഭരണഘടനാ വിരുദ്ധമായ ഒരു ആശയധാര സമാനമായി ഉയർന്നുവന്നിരുന്നു. അമിത്ഷായുടെ പ്രവൃത്തിക്ക് ധൈര്യം നൽകിയത് ഈ ആശയധാരയാണ്. ആർ.എസ്.എസുകാർ അംബേദ്കറുടെ കോലം കത്തിക്കുകയും അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തിരുന്നു. ആർ.എസ്.എസിന്റെ സന്തതിയായതിനാലാണ് ബി.ജെ.പിക്ക് ഇത്തരം പ്രവൃത്തിക്ക് ധൈര്യം ലഭിക്കുന്നത്. എന്നാൽ, 2024ൽ ജനങ്ങളിൽനിന്ന് ലഭിച്ച തിരിച്ചടി, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയചകിതനാക്കിയിട്ടുണ്ടെന്നും അത് ജനങ്ങളുടെ ശക്തിയാണെന്നും പ്രിയങ്ക പറഞ്ഞു.
ബെളഗാവി സുവർണ സൗധ പരിസരത്ത് രാവിലെ നടന്ന ചടങ്ങിൽ മഹാത്മാഗാന്ധിയുടെ പ്രതിമ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ അനാച്ഛാദനം ചെയ്തു. ഉച്ചക്ക് സി.പി.ഇ.ഡി മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ പ്രിയങ്ക ഗാന്ധിക്ക് പുറമെ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ രൺദീപ് സിങ് സുർജെവാല, കെ.സി. വേണുഗോപാൽ, നിയമസഭ സ്പീക്കർ യു.ടി. ഖാദർ, നിയമ നിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ ദേശീയ- സംസ്ഥാന നേതാക്കൾ പങ്കെടുത്തു. അസുഖബാധമൂലം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചടങ്ങിനെത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

