ആൾക്കൂട്ടക്കൊല: പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച
text_fieldsമംഗളൂരു: മലയാളി യുവാവായ അഷ്‌റഫിനെ മംഗളൂരുവിൽ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച. സംഭവത്തിൽ കൃത്യവിലോപം ചൂണ്ടിക്കാട്ടി ഇൻസ്പെക്ടർ കെ.ആർ. ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ പി. ചന്ദ്ര, സിവിൽ പൊലീസ് കോൺസ്റ്റബിൾ യല്ലലിങ് എന്നിവരെ മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ സസ്പെൻഡ് ചെയ്തു.
കേസ് കൈകാര്യം ചെയ്യേണ്ട മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിൽ സംഭവ സമയം ചുമതലയിലുണ്ടായിരുന്നവർ പ്രാദേശിക സംഘ്പരിവാർ -ബി.ജെ.പി നേതാക്കളുടെ നിർദേശപ്രകാരം പ്രവർത്തിക്കുകയായിരുന്നെന്നാണ് ആരോപണം.
മംഗളൂരു സിറ്റി സൗത്ത് സബ് ഡിവിഷൻ അസി. പൊലീസ് കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമീഷണർ സസ്പെൻഷൻ ഉത്തരവിറക്കിയത്. എ.സി.പിയുടെ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ:
ഏപ്രിൽ 27ന് ഉച്ച 2.30നും 5.30നുമിടയിൽ മംഗളൂരു താലൂക്കിലെ കുഡുപു ഗ്രാമത്തിലെ ഭത്ര കല്ലുർത്തി ദൈവസ്ഥാനത്തിന് പിന്നിലെ വയലിന് സമീപം ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയതായി പരാതി രജിസ്റ്റർ ചെയ്തു. മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണ റിപ്പോർട്ട് (യു.ഡി.ആർ) ആയി കേസ് രജിസ്റ്റർ ചെയ്തു.
ഏപ്രിൽ 28ന് ദീപക് എന്ന വ്യക്തി സമർപ്പിച്ച പരാതിയെത്തുടർന്ന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ (ബി.എൻ.എസ്) 189 (2), 191 (1) (3), 115 (2), 103 (2), 240, 190 എന്നീ വകുപ്പുകൾ പ്രകാരം കേസ് (ക്രൈം നമ്പർ 37/2025) രജിസ്റ്റർ ചെയ്തു.മൈതാനത്ത് ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ കളിക്കാരും കാണികളും അടങ്ങുന്ന ഒരു സംഘം അജ്ഞാത വ്യക്തിയെ ആക്രമിച്ചതായി ദീപക് പൊലീസിന് നൽകിയ ഫോൺ കോളിൽ പറയുന്നു. മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർക്കും ജീവനക്കാർക്കും ഈ വിവരം ലഭിച്ചിരുന്നു.
ഇൻസ്പെക്ടർ കെ.ആർ. ശിവകുമാർ തന്റെ മേലുദ്യോഗസ്ഥരെ അറിയിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും സംഭവം മൂടിവെക്കാൻ ശ്രമിക്കുകയും ചെയ്തു. മംഗളൂരു ട്രാഫിക് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ദീപക്, ഇന്റലിജൻസ് വിങ്ങിലെ ഹെഡ് കോൺസ്റ്റബിൾ പി. ചന്ദ്രയെ വിവരം അറിയിച്ചെങ്കിലും തുടർനടപടികളോ കൂടുതൽ റിപ്പോർട്ടോ നൽകിയില്ല. മത്സരം നടന്ന സ്ഥലത്ത് ബീറ്റ് ഡ്യൂട്ടിയിലായിരുന്ന സിവിൽ പൊലീസ് കോൺസ്റ്റബിൾ യല്ലലിങ്ങും താൻ കണ്ട ആൾക്കൂട്ട അക്രമം റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

