ആർ.എസ്.എസ് ആസ്ഥാന മ്യൂസിയത്തിൽ അയിത്തം; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ വെല്ലുവിളിച്ച് ബി.ജെ.പി മുൻ മന്ത്രി
text_fieldsഗൂളിഹട്ടി ശേഖർ, മുഖ്യമന്ത്രി ചന്ദ്രു
ബംഗളൂരു: നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തെ ഹെഗ്ഡെവാർ മ്യൂസിയത്തിൽ ദലിത് അയിത്തം ഇല്ലെന്ന് അവകാശപ്പെടുന്ന ബി.ജെ.പി നേതാക്കൾ അവിടത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ സന്നദ്ധമാവുമോ എന്ന വെല്ലുവിളിയുമായി പാർട്ടി മുൻ മന്ത്രി ഗൂളിഹട്ടി ശേഖർ.
മ്യൂസിയത്തിൽ പ്രവേശിക്കുന്നതിൽനിന്ന് പട്ടികജാതിക്കാരനായതിനാൽ തന്നെ തടഞ്ഞിരുന്നതായി ഇദ്ദേഹം നേരത്തെ നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ രംഗത്തുവന്ന സാഹചര്യത്തിലാണ് വെല്ലുവിളി. കർണാടക നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക്, സുരേഷ് കുമാർ, മുൻ എം.എൽ.എ കുഡച്ചി രാജീവ് എന്നിവരെ സംബോധന ചെയ്താണ് രണ്ടാമത്തെ ശബ്ദസന്ദേശം.
ബിജെപി ദേശീയ ഓർഗനൈസിങ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെ സംബോധന ചെയ്ത് ശേഖർ നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിൽ കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് ആർ.എസ്.എസ് ആസ്ഥാനത്തു പോയ അനുഭവമാണ് പറഞ്ഞിരുന്നത്.
രജിസ്റ്ററിൽ വ്യക്തിവിവരങ്ങൾ രേഖപ്പെടുത്തിയ ശേഷമാണ് ഹെഡ്ഗേവാർ മ്യൂസിയത്തിൽ പ്രവേശിക്കേണ്ടത്.
താൻ പട്ടിക ജാതിക്കാരനാണെന്ന കാര്യം രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു. ദലിതർക്ക് പ്രവേശനം ഇല്ലെന്ന് അറിയിച്ച് ജീവനക്കാർ തന്നെ തടഞ്ഞ് തിരിച്ചയച്ചു. ഒപ്പമുണ്ടായിരുന്ന മോഹൻ വൈദ്യ, മഞ്ജു എന്നിവരെ കടത്തിവിടുകയും ചെയ്തു.
ചിത്രദുർഗ എം.പി നാരായണ സ്വാമി, ഗോവിന്ദ് കർജോൾ എന്നിവർക്കും പ്രവേശം ലഭിച്ചു എന്നാണ് താൻ കരുതുന്നത് എന്നാണ് ശേഖർ ആരോപിച്ചിരുന്നത്.
അതേസമയം, നാഗ്പൂരിലെ കേശവ് ബലിറാം ഹെഗ്ഡെവാർ മ്യൂസിയത്തിൽ പ്രവേശിക്കുന്നത് ദലിതനായതിനാൽ തടഞ്ഞെന്ന ശേഖറിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആർ.എസ്.എസ് പ്രതികരിച്ചിരുന്നു. ശേഖർ പറയുന്നതുപോലെ രജിസ്റ്റർ മ്യൂസിയത്തിലോ കാര്യാലയത്തിലോ ഇല്ല.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മൂന്നുമാസം മുമ്പ് നാഗ്പൂരിൽ അങ്ങനെ അനുഭവം ഉണ്ടായെങ്കിൽ ഏതെങ്കിലും ആർ.എസ്.എസ് നേതാവിനോട് പറയാമായിരുന്നു. പത്തു മാസം കഴിഞ്ഞ് നടത്തിയ പ്രസ്താവന അതിശയകരമാണ്.
നാഗ്പുർ മ്യൂസിയം ഉൾപ്പെടെ കാര്യാലയ കവാടങ്ങൾ ആർക്കും നേരെ അടച്ചിടാറില്ല. ഏവരേയും സ്വാഗതം ചെയ്യുന്നതായും വാർത്തക്കുറിപ്പിൽ പറഞ്ഞു.
ബി.ജെ.പിയിലെ വിവേചനം ആ പാർട്ടിയിൽ പ്രവർത്തിച്ച കാലം താൻ ഏറെ അനുഭവിച്ചിട്ടുണ്ടെന്ന് ആം ആദ്മി പാർട്ടി കർണാടക അധ്യക്ഷൻ മുഖ്യമന്ത്രി ചന്ദ്രു എന്ന എച്ച്. നരസിംഹ ചന്ദ്രശേഖർ പറഞ്ഞു.
നിർണായക യോഗങ്ങളിൽ ക്ഷണിക്കുകയോ തീരുമാനങ്ങളിൽ പങ്കാളിയാക്കുകയോ ചെയ്തിരുന്നില്ല. ശേഖറിന്റെ അവസ്ഥ അതിന്റെ അനുബന്ധം മാത്രമാണ് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

