2008ൽ തെറ്റിദ്ധരിപ്പിച്ചു, 2018ൽ അധികാരം പരിമിതപ്പെടുത്തി -കുമാരസ്വാമി
text_fieldsഎച്ച്.ഡി. കുമാരസ്വാമി
ബംഗളൂരു: 2008ൽ തന്നെ ബി.ജെ.പി തെറ്റിദ്ധരിപ്പിച്ചെന്നും 2018ൽ കോൺഗ്രസ് തന്നിൽനിന്ന് അധികാരം പരിമിതപ്പെടുത്തിയെന്നും വിമർശനവുമായി മുൻ മുഖ്യമന്ത്രിയും ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവുമായ എച്ച്.ഡി. കുമാരസ്വാമി.
സഖ്യ സർക്കാറുകൊണ്ട് കർണാടകയിൽ ദാരിദ്ര്യനിർമാർജനം നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബെള്ളാരി കുരെകൊപ്പയിൽ ജെ.ഡി-എസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2008ൽ ബി.ജെ.പിയുമായും 2018ൽ കോൺഗ്രസുമായും ചേർന്ന് സഖ്യഭരണം നടത്തിയത് ഓർമിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
2006ലെ ബി.ജെ.പിയല്ല ഇപ്പോഴുള്ളത്. ഇപ്പോൾ കോൺഗ്രസിനെയും ബി.ജെ.പി മറികടന്നിരിക്കുന്നു. മുമ്പ് ജെ.ഡി-എസ് അംഗമായിരുന്ന സിദ്ധരാമയ്യ കോൺഗ്രസിൽ ചേർന്നതോടെ കോൺഗ്രസിന്റെ അടിമയായി മാറിയതായും കുമാരസ്വാമി കുറ്റപ്പെടുത്തി. 2018ൽ സഖ്യസർക്കാർ ഉണ്ടാക്കിയ കോൺഗ്രസ് അവരുടെ അന്ത്യം വിളിച്ചുവരുത്തിയതായും അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിഖിൽ കുമാരസ്വാമിയുടെയും തുമകുരുവിൽ എച്ച്.ഡി. ദേവഗൗഡയുടെയും തോൽവിക്കു കാരണം കോൺഗ്രസാണെന്ന ആരോപണവും അദ്ദേഹം ഉയർത്തി. കോൺഗ്രസിന്റെ പിന്തുണ ലഭിക്കാഞ്ഞതോടെയാണ് നിഖിൽ തോറ്റത്.
തുമകുരുവിൽ സംഭവിച്ചതും അതുതന്നെയാണ്. മുഖ്യമന്ത്രിയാകാൻ മാത്രമായാണ് സിദ്ധരാമയ്യ കോൺഗ്രസിലേക്കു പോയത്. കുടുംബവാഴ്ചയെന്ന് ജെ.ഡി-എസിനെ മാത്രമാണ് വിളിക്കുന്നത്.
സിദ്ധരാമയ്യ വരുണ മണ്ഡലത്തിൽനിന്ന് മാറി മത്സരിച്ചത് മകൻ യതീന്ദ്രക്കുവേണ്ടിയാണെന്നും മല്ലികാർജുന ഖാർഗെ മകൻ പ്രിയങ്ക് ഖാർഗെയെ കൊണ്ടുവന്നെന്നും ബി.ജെ.പിയിൽ യെദിയൂരപ്പയും ഈശ്വരപ്പയും മക്കളുടെ കാര്യത്തിൽ വ്യാകുലരാണെന്നും എച്ച്.ഡി. കുമാരസ്വാമി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

