ജാതി സെൻസസ്: മന്ത്രിസഭ അന്തിമ തീരുമാനം മേയ് രണ്ടിന്
text_fieldsബംഗളൂരു: മേയ് രണ്ടിന് ചേരുന്ന മന്ത്രിസഭ യോഗത്തിൽ കർണാടകയിലെ ജാതി സെൻസസുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജാതി സെൻസസ് റിപ്പോർട്ട് ചർച്ച ചെയ്തെങ്കിലും അനിശ്ചിതമായി പിരിയുകയായിരുന്നു.
വ്യാഴാഴ്ച രാത്രി വൈകിയാണ് യോഗം നടന്നത്. ജാതി സെൻസസ് റിപ്പോർട്ടിൽ ഭരണകക്ഷിയിൽതന്നെ ഭിന്നാഭിപ്രായങ്ങളുയർന്നതായാണ് വിവരം. മന്ത്രിമാർ തുറന്ന ചർച്ചക്ക് തയാറായില്ല, തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാരോട്, ജാതി സെൻസസിനെ കുറിച്ചുള്ള അഭിപ്രായം അനുകൂലമായാലും പ്രതികൂലമായാലും എഴുതി സമർപ്പിക്കാൻ ആവശ്യപ്പെട്ടു. എല്ലാ സമുദായങ്ങൾക്കും പ്രയോജനകരമാകുന്ന വിധത്തിലേ റിപ്പോർട്ട് നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
റിപ്പോർട്ടിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്തതായും മേയ് രണ്ടിന് നടക്കുന്ന മന്ത്രിസഭ യോഗത്തിൽ റിപ്പോർട്ടിനെക്കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രിസഭ യോഗത്തിനുശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. അതേ സമയം, ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾ ജാതി സെൻസസിനെ എതിർക്കുന്നുണ്ട്. 33 അംഗ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഏഴ് ലിംഗായത്ത് മന്ത്രിമാരും ആറ് വൊക്കലിഗരുമാണ് ഉൾപ്പെടുന്നത്. എം.ബി. പാട്ടീലിന് പുറമെ, ഈശ്വർ ഖന്ദ്രെ, ശരണബസപ്പ ദർശനപുർ, ശിവാനന്ദ് പാട്ടീൽ, എസ്.എസ് മല്ലികാർജുൻ, എച്ച്.കെ പാട്ടീൽ, ലക്ഷ്മി ഹെബ്ബാൽക്കർ, ശരൺപ്രകാശ് പാട്ടീൽ എന്നിവരാണ് ലിംഗായത്ത് മന്ത്രിമാർ.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് പുറമെ, കൃഷ്ണ ബൈരെ ഗൗഡ, എൻ ചെലുവരായ സ്വാമി, കെ. വെങ്കിടേഷ്, രാമലിംഗ റെഡ്ഡി, എം.സി സുധാകർ എന്നിവരാണ് വൊക്കലിഗ മന്ത്രിമാർ. ജാതി സെൻസസ് റിപ്പോർട്ട് അംഗീകരിച്ചാൽ സംസ്ഥാന വ്യാപകമായി ബന്ദ് നടത്തുമെന്ന് രാജ്യ വൊക്കലിഗര സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. ജൈന വിഭാഗവും എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ട്. അതേസമയം, ജാതി സെൻസസ് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

