ടിബത്തൻ സമൂഹത്തെ പിന്തുണക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി മധു
text_fieldsമന്ത്രി മധു ബംഗാരപ്പ
ബംഗളൂരു: സംസ്ഥാനത്ത് താമസിക്കുന്ന ടിബത്തൻ സമൂഹത്തെ പിന്തുണക്കേണ്ടത് സർക്കാറിന്റെ കടമയാണെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. മുണ്ട്ഗോഡിലെ തിബത്തൻ കോളനിയിൽ സ്കൂൾ സ്ഥാപിതമായതിന്റെ 55ാം വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസം, സമാധാനം, മാനുഷിക മൂല്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ ആരോഗ്യകരമായ ഭാവിക്കായി അദ്ദേഹം വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു. 14ാലാമത് ദലൈലാമയോടുള്ള ആദരവ് പ്രകടിപ്പിച്ച മന്ത്രി, ചടങ്ങിൽ സന്നിഹിതരായ സന്യാസിമാർ, വിദ്യാർഥികൾ, അധ്യാപകർ, വിശിഷ്ട വ്യക്തികൾ എന്നിവർക്ക് പ്രത്യേക ആശംസകൾ നേർന്നു.
ഭാഷ, മതം, സംസ്ഥാനം, ദേശീയ അതിർത്തികൾ എന്നിവയെ മറികടക്കുന്ന അതിരുകളില്ലാത്ത ശക്തിയാണ് വിദ്യാഭ്യാസമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വിദ്യാഭ്യാസത്തിലൂടെയും മാനുഷിക മൂല്യങ്ങളിലൂടെയും മാത്രമേ സമാധാനവും പുരോഗതിയും നിലനിർത്താൻ കഴിയൂ.
സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഉച്ചഭക്ഷണം, പാൽ, മുട്ട, റാഗി മാൾട്ട്, സൗജന്യ പാഠപുസ്തകങ്ങൾ, നോട്ട്ബുക്കുകൾ, യൂനിഫോം, ഷൂസ്, വിദ്യാർഥികൾക്കുള്ള സോക്സ് നൽകൽ എന്നിവ നടപ്പാക്കിയതായി മന്ത്രി അവകാശപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ ആവാസവ്യവസ്ഥയുടെ ഗുണഭോക്താക്കളായി സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിലായി ഏകദേശം 1.16 കോടി വിദ്യാർഥികളുണ്ട്.
വിദ്യാർഥികളിൽ മാനുഷിക മൂല്യങ്ങൾ, പൗര ഉത്തരവാദിത്തം, ആരോഗ്യ അവബോധം, പരിസ്ഥിതി സംവേദനക്ഷമത, ധാർമിക ജീവിതം എന്നിവ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള "ധാർമിക ശാസ്ത്രം" അടുത്ത അധ്യയന വർഷം മുതൽ നിർബന്ധിത വിഷയമായി പുനഃസ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു.
ചടങ്ങിൽ വിദ്യാഭ്യാസത്തിനും സമൂഹികസേവനത്തിനും നൽകിയ വിലപ്പെട്ട സംഭാവനകൾക്ക് വിശിഷ്ട ഉദ്യോഗസ്ഥർ, അധ്യാപകർ, പിന്തുണക്കാർ എന്നിവർക്ക് ബംഗാരപ്പ ബഹുമതി സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

