'ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു കുഴി, മനോഹരം'; റോഡിലെ കുഴികൾക്ക് ഗൂഗിളിൽ റിവ്യൂ
text_fieldsറോഡിലെ കുഴികൾക്കെതിരായ പ്രതിഷേധം മലയാളികൾക്ക് പുതുമയുള്ളതല്ല. റോഡിൽ വാഴവെച്ചുള്ള പ്രതിഷേധം, കുഴിയിൽ കിടന്നും ചെളിവെള്ളത്തിൽ കുളിച്ചുമുള്ള പ്രതിഷേധം, ശയനപ്രദക്ഷിണം, തുടങ്ങി വിവിധയിനം പ്രതിഷേധ പരിപാടികൾ കാലങ്ങളായി നടന്നുവരുന്നുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് ടെക്കികളുടെ നഗരമായ ബംഗളുരുവിലെ ചെറുപ്പക്കാർ റോഡിലെ കുഴികൾക്കെതിരെ പ്രതിഷേധിച്ചത്.
ബംഗളൂരുവിലെ ബെല്ലന്ദൂരിൽ റോഡിലുണ്ടായ കുഴി അടക്കാൻ പരാതികൾ നിരവധി കൊടുത്തിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല. ഇതോടെ ഒരാൾ ഗൂഗിൾ മാപ്പിൽ കുഴി പ്രത്യേകം രേഖപ്പെടുത്തി 'അബിസേഴ്സ് കുഴി (Abizer's Pothole)' എന്ന് പേരിട്ട് ലൊക്കേഷനായി നൽകുകയായിരുന്നു. 'ബംഗളൂരുവിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലായ സ്ഥലം' എന്ന് റിവ്യൂ നൽകുകയും ചെയ്തു. ഇതിന് പിന്നാലെ നിരവധി പേർ വന്ന് റോഡിലെ കുഴി റിവ്യൂ ചെയ്യുകയായിരുന്നു.
'നഗരത്തിലെ മുൻനിര കുഴിയാണിത്. നിരവധി കടകളും സ്കൂളുകളും അടുത്തുതന്നെയുണ്ട്' എന്ന് മറ്റൊരാൾ റിവ്യൂ ചെയ്തു. 'അത്ഭുതകരമായി ഡിസൈൻ ചെയ്തെടുത്ത കുഴി, കൃത്യമായ സ്ഥലം. അത് നിങ്ങളെ നിമിഷങ്ങൾക്കൊണ്ട് താഴേക്ക് കൊണ്ടുപോകുകയും ഭൂമിക്ക് മുകളിലേക്ക് കൊണ്ടുവരികയും ചെയ്യും. ദിവസം ചെല്ലുംതോറും ഇത് വളരുകയും സമൂഹത്തിൽ വലിയ സ്വാധീനമുണ്ടാക്കുകയും ചെയ്യുന്നുണ്ട്' -ഇങ്ങനെ തുടങ്ങുന്നു മറ്റൊരാളുടെ കമന്‍റ്.
കുഴിയെ കുറിച്ചുള്ള രസകരമായ റിവ്യൂകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ഇനിയെങ്കിലും അധികൃതർ ഇടപെടുമെന്നാണ് ഇവരുടെ പ്രതീക്ഷ.