മൈക്രോഫിനാൻസ് വായ്പകൾക്ക് ഓൺലൈൻ സംവിധാനം കൊണ്ടുവരും
text_fieldsബംഗളൂരു: കർണാടകയിൽ മൈക്രോഫിനാൻസ് കമ്പനികൾക്ക് കീഴിൽ വായ്പാ അപേക്ഷകൾ സ്വീകരിക്കാനും വായ്പ വിതരണം ചെയ്യാനും ഓൺലൈൻ സംവിധാനം കൊണ്ടുവരും. മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസിലാണ് ഈ നിർദേശം.
പലതവണ പരിഷ്കരിച്ച ഓർഡിനൻസിന്റെ കരട് രൂപത്തിന് ഉന്നതതല യോഗം അന്തിമ അനുമതി നൽകി. കുറഞ്ഞത് എട്ടു തവണയെങ്കിലും പരിഷ്കരിച്ച കർണാടക മൈക്രോഫിനാൻസ് (നിർബന്ധിത നടപടികൾ തടയൽ) ഓർഡിനൻസ് ശനിയാഴ്ച നിയമമന്ത്രി എച്ച്.കെ. പാട്ടീലിന്റെ അധ്യക്ഷതയിൽ റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ യോഗത്തിലാണ് അന്തിമമാക്കിയത്. കരട് ഓർഡിനൻസിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഓർഡിനൻസിന് അന്തിമരൂപം നൽകിയതെന്ന് പാട്ടീൽ പറഞ്ഞു. ഓർഡിനൻസ് അടുത്ത ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈക്രോഫിനാൻസ് ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനും അമിത വായ്പ തടയുന്നതിനും വായ്പ വിതരണ വിശദാംശങ്ങൾ ട്രാക്ക് ചെയ്യുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും ഓൺലൈൻ പോർട്ടൽ ഉപയോഗപ്പെടുത്താനാണ് നീക്കം.
മൈക്രോഫിനാൻസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഓരോ ജില്ലയിലെയും അഡീഷനൽ ഡെപ്യൂട്ടി കമീഷണറും അസിസ്റ്റന്റ് കമീഷണറും ഉൾപ്പെടുന്ന ഒരു ഓംബുഡ്സ്മാനെ നിയമിക്കും.മൈക്രോഫിനാൻസ് കമ്പനികൾ വായ്പകൾക്ക് ആസ്തികളോ വിലപിടിപ്പുള്ള വസ്തുക്കളോ ഈടായി എടുക്കുന്നത് തടയുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. തിരിച്ചടവ് മുടങ്ങുന്ന വായ്പക്കാരെ ഉപദ്രവിക്കാൻ ഇടനിലക്കാരെ ഉപയോഗിക്കുന്നതിനെതിരെയും നിർദിഷ്ട നിയമം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
പലിശനിരക്കുകൾ സുതാര്യമാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. നിയമ ചട്ടക്കൂടിൽ ഈ പ്രധാന വശങ്ങൾ ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ അധികാര പരിധിയിലാണ് മൈക്രോഫിനാൻസ് കമ്പനികൾ. എന്നാൽ, കേന്ദ്രം ഇതിനുനേരെ കണ്ണടച്ചിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. കേന്ദ്രം എന്താണ് ചെയ്യുന്നത്? സംസ്ഥാന സർക്കാറിന് അധികാരമില്ലെങ്കിലും, ഞങ്ങൾ ഇപ്പോഴും ജനങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ കർണാടക സർക്കാർ ഒരു ഓർഡിനൻസ് തയാറാക്കിയത് വെറുമൊരു തമാശക്കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

