മൈക്രോഫിനാൻസ്; ഇടപാടുകാരുടെ സംരക്ഷണത്തിന് നിയമം നടപ്പാക്കും -മുഖ്യമന്ത്രി സിദ്ധരാമയ്യ
text_fieldsമൈക്രോഫിനാൻസ് പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച യോഗത്തിൽ നിന്ന്. ആഭ്യന്തരമന്ത്രി ജി. പരമേശ്വര, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ സമീപം
ബംഗളൂരു: മൈക്രോഫിനാൻസ് സ്ഥാപനങ്ങൾമൂലം പൊതുജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച ഉന്നതതലയോഗം നടത്തി. മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കുന്നവരുടെ താൽപര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിനുശേഷം വിധാന സൗധയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സിദ്ധരാമയ്യ പറഞ്ഞു.
വായ്പയെടുത്തവരെ പീഡിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. കടം വാങ്ങുന്നവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഓർഡിനൻസിലൂടെ പുതിയ നിയമം ഉടൻ കൊണ്ടുവരും. നിർബന്ധിത വായ്പ തിരിച്ചടവ് സംബന്ധിച്ച പരാതികളിൽ ക്രിമിനൽ കേസെടുക്കും. പൊലീസിന് കൂടുതൽ അധികാരം നൽകുന്നതടക്കം നിലവിലുള്ള നിയമങ്ങൾ ശക്തിപ്പെടുത്തും. രജിസ്റ്റർ ചെയ്യാത്ത പണമിടപാടുകാരെ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തും. നിർബന്ധിതവും ഭീഷണിപ്പെടുത്തുന്നതുമായ ലോൺ റിക്കവറി നടപടികൾ വെച്ചുപൊറുപ്പിക്കില്ല. പാവപ്പെട്ട വായ്പക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും.
മൈക്രോഫിനാൻസ് ഏജന്റുമാരിൽനിന്ന് ആരെങ്കിലും ഉപദ്രവം നേരിടുന്നുണ്ടെങ്കിൽ അത് ലോക്കൽ പൊലീസിൽ അറിയിക്കണം പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും മൈക്രോഫിനാൻസ് ഏജന്റുമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനുമായി ഡെപ്യൂട്ടി കമീഷണർമാരും ജില്ല പൊലീസ് സൂപ്രണ്ടുമാരും ഉൾപ്പെടെയുള്ള ജില്ല അധികാരികൾ യോഗങ്ങൾ നടത്തും.
എല്ലാ ഡെപ്യൂട്ടി കമീഷണർമാർക്കും പൊലീസ് സൂപ്രണ്ടുമാർക്കും ഇത് സംബന്ധിച്ച് കർശന നിർദേശം നൽകിയിട്ടുണ്ട്. പരാതികൾ സമർപ്പിക്കാൻ കഴിയുന്ന എല്ലാ ജില്ല ഓഫിസുകളിലും ഹെൽപ് ലൈനുകൾ സ്ഥാപിക്കും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, നിയമമന്ത്രി എച്ച്.കെ. പാട്ടീൽ, റവന്യൂ മന്ത്രി കൃഷ്ണ ബൈരേഗൗഡ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഗോവിന്ദരാജു, സർക്കാർ ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, അഡീഷണൽ ചീഫ് സെക്രട്ടറി അതിഖ് അഹമ്മദ്, സംസ്ഥാന പൊലീസ് മേധാവി അലോക് മോഹൻ, ആഭ്യന്തര, റവന്യൂ, ഇന്റലിജൻസ്, ആഭ്യന്തര ഭരണ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

