മൈക്രോ ഫിനാൻസ് ഓർഡിനൻസ് ഗവർണറിലേക്ക്
text_fieldsആഭ്യന്തര മന്ത്രി ജി. പരമേശ്വര
ബംഗളൂരു: മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ പീഡനങ്ങളിൽനിന്ന് വായ്പക്കാരെ സംരക്ഷിക്കുന്നതിനായി കർണാടക സർക്കാർ തയാറാക്കിയ ഓർഡിനൻസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഒപ്പിട്ടു.
ഓർഡിനൻസ് ഗവർണർ അനുമതിക്കായി രാജ്ഭവനിലേക്ക് അയച്ചതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. ഗവർണർ താവർ ചന്ദ് ഓർഡിനൻസിൽ ഒപ്പിടുന്നതോടെ ‘കർണാടക മൈക്രോ ഫിനാൻസ് (നിർബന്ധിത നടപടികൾ തടയൽ) ഓർഡിനൻസ് 2025’ നിയമം പ്രാബല്യത്തിൽ വരും.
അതേസമയം, അന്തിമ പരിഷ്കാരം വരുത്തിയ ഓർഡിനൻസ് പ്രകാരം, കുറ്റക്കാർക്ക് 10 വർഷം വരെ തടവും നിയമലംഘനത്തിന് അഞ്ച് ലക്ഷം രൂപ വരെ പിഴയും ഉൾപ്പെടെയുള്ള ശിക്ഷാ വ്യവസ്ഥകൾ ശിപാർശ ചെയ്യുന്നുണ്ട്. ‘ഓർഡിനൻസിന്റെ ആദ്യ കരടു രൂപത്തിൽ പരമാവധി ശിക്ഷാ കാലാവധി മൂന്ന് വർഷമായിരുന്നു. ഇപ്പോൾ ഞങ്ങളത് വർധിപ്പിച്ചു. പിഴയും വർധിപ്പിച്ചു. നിയമത്തിന്റെ ചൂട് നിയമലംഘകർക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്’’ -പരമേശ്വര പറഞ്ഞു. ഗവർണർ ബംഗളൂരുവിലില്ലെന്നും അദ്ദേഹം തിരിച്ചെത്തിയാൽ ഓർഡിനൻസ് പരിശോധിച്ച ശേഷം അദ്ദേഹത്തിന് അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ വായ്പാ തിരിച്ചടവ് രീതികൾക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി ആത്മഹത്യകളുടെയും പരാതികളുടെയും പശ്ചാത്തലത്തിലാണ് സർക്കാർ ഓർഡിനൻസുമായി രംഗത്തുവന്നത്.
ഓർഡിനൻസിനെതിരെ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ കോടതിയെ സമീപിക്കാനിടയുണ്ടെന്നതിനാൽ അതിനുള്ള പഴുതുകൾ കൂടി അടച്ചാണ് ഓർഡിനൻസ് പലതവണ പരിഷ്കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൈക്രോ ഫിനാൻസ് കമ്പനികൾക്ക് കീഴിലെ വായ്പാ അപേക്ഷകൾ സ്വീകരിക്കാനും വായ്പ വിതരണം ചെയ്യാനും ഓൺലൈൻ സംവിധാനം കൊണ്ടുവരാനും ഓർഡിനൻസിൽ നിർദേശമുണ്ട്. ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനും അമിത വായ്പ തടയുന്നതിനും വായ്പ വിതരണ വിശദാംശങ്ങൾ ട്രാക്ക് ചെയ്യുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും ഓൺലൈൻ പോർട്ടൽ ഉപയോഗപ്പെടുത്താനാണ് നീക്കം. ഇതിനുപുറമെ, രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിലെ വായ്പയും പലിശയും തിരിച്ചടക്കേണ്ടതില്ലെന്ന നിർദേശവും ഓർഡിനൻസിലൂടെ കർണാടക സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്.
ഓർഡിനൻസ് പ്രാബല്യത്തിൽവന്ന് ഒരു മാസത്തിനകം സംസ്ഥാനത്തെ എല്ലാ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും അതത് ജില്ലകളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും ഓർഡിനൻസിലെ നിർദേശ പ്രകാരം പ്രവർത്തിക്കാമെന്ന സത്യവാങ്മൂലം മൈക്രോ ഫിനാൻസ് കമ്പനികൾ സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.