യെല്ലോ ലൈനിൽ മെട്രോ ഓടിത്തുടങ്ങി; പ്രധാനമന്ത്രി നരേന്ദ്ര മോദി സർവിസ് ഉദ്ഘാടനം ചെയ്തു
text_fieldsബംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ ബംഗളൂരു- ബെളഗാവി വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നു
ബംഗളൂരു: നഗരത്തിലെ പ്രധാന ഐ.ടി മേഖലയിലേക്കും വ്യവസായ മേഖലയിലേക്കും മെട്രോ ബന്ധിപ്പിച്ച് നമ്മ മെട്രോ യെല്ലോ ലൈനിൽ സർവിസ് തുടങ്ങി. ഞായറാഴ്ച നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവിസ് ഉദ്ഘാടനം ചെയ്തു. ആർ.വി റോഡ് (റാഗിഗുഡ്ഡ) സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നിർവഹിച്ചു.
തുടർന്ന് റാഗിഗുഡ്ഡ സ്റ്റേഷനിൽനിന്ന് ഇലക്ട്രോണിക്സിറ്റി സ്റ്റേഷൻ വരെ മെട്രോയിൽ യാത്ര ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രക്കിടെ വിദ്യാർഥികളുമായി സംവദിച്ചു. പിന്നീട്, ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി) ബംഗളൂരുവിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാംഗ്ലൂർ മെട്രോയുടെ മൂന്നാം ഘട്ടമായ ഓറഞ്ച് ലൈനിന്റെ പ്രവർത്തനങ്ങൾക്ക് മോദി തറക്കല്ലിട്ടു. ഗവർണർ താവർചന്ദ് ഗഹ് ലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രിമാരായ മനോഹർലാൽ ഖട്ടർ, ശോഭ കരന്ദ്ലാജെ പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.
മെട്രോ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ആർ.വി റോഡ് മുതൽ ഇലക്ട്രോണിക് സിറ്റി വരെ വരുന്ന 19 കിലോമീറ്റർ പാതക്കായി 7160 കോടിയാണ് ചെലവായത്. ഗ്രീൻ ലൈനിലെ ആർ.വി റോഡിൽനിന്ന് ആരംഭിച്ച് റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബി.ടി.എം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസാന്ദ്ര, കുട്ലുഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസ റോഡ്, ബരതീന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഇൻഫോസിസ് ഫൗണ്ടേഷൻ കോനപ്പന അഗ്രഹാര, ഹുസ്കൂർ റോഡ്, ബയോകോൺ ഹെബ്ബഗൊഡി, ഡെൽറ്റ ഇലക്ട്രോണിക്സ് ബൊമ്മസാന്ദ്ര എന്നിവയാണ് യെല്ലോ ലൈനിലെ സ്റ്റേഷനുകൾ. സർവിസ് ആരംഭിച്ചതോടെ നമ്മ മെട്രോ പർപ്ൾ ലൈൻ, ഗ്രീൻ ലൈൻ, യെല്ലോ ലൈൻ എന്നീ പാതകളിലായി ആകെ 96 കിലോമീറ്റർ സർവിസ് ലഭ്യമാകും. യെല്ലോ ലൈനിലെ സർവിസ് ഹൊസുർ റോഡ്, സിൽക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക് സിറ്റി ജങ്ഷൻ എന്നിവിടങ്ങളിലെ യാത്ര തിരക്ക് കുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആദ്യഘട്ടത്തിൽ മൂന്ന് ട്രെയിനുകൾ
ബംഗളൂരു: യെല്ലോ ലൈനിൽ ആദ്യഘട്ടത്തിൽ മൂന്ന് ട്രെയിനുകളാണ് സർവിസ് നടത്തുകയെന്ന് ബംഗളുരു നഗര വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ഈ മാസം അവസാനത്തോടെ നാലാമതൊരു ട്രെയിൻകൂടി എത്തും. 25 മിനിറ്റിന്റെ ഇടവേളകളിൽ ഈ മൂന്ന് ട്രെയിനുകൾ സർവിസ് നടത്തും. രാവിലെ അഞ്ചു മുതൽ രാത്രി 11 വരെ സർവിസ് ലഭ്യമാവും. പിന്നീട് ട്രെയിനുകൾക്കിടയിലെ ഇടവേള 10 മിനിറ്റായി കുറക്കുമെന്നും ശിവകുമാർ പറഞ്ഞു.
മൂന്ന് വന്ദേഭാരത് ട്രെയിനുകൾകൂടി നിരത്തിലേക്ക്
ബംഗളൂരു: ബംഗളൂരു- ബെളഗാവി റൂട്ടിലടക്കം പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെ കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം. ബംഗളൂരു- ബെളഗാവി വന്ദേഭാരതിന്റെ സർവിസ് ഉദ്ഘാടനം ചെയ്ത മോദി, ശ്രീമാതാ വൈഷ്ണോദേവി കത്ര- അമൃത്സർ വന്ദേഭാരത്, അജ്നി- പുണെ വന്ദേഭാരത് എന്നിവ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ്, സഹമന്ത്രി വി. സോമണ്ണ, കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബംഗളൂരു -ബെളഗാവി വന്ദേഭാരതിന് യശ്വന്ത്പുർ, തുമകൂരു, ദാവൻകരെ, ഹാവേരി, ഹുബ്ബള്ളി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. എട്ടര മണിക്കൂർകൊണ്ട് ലക്ഷ്യത്തിലെത്തും. വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്യാൻ ആർ.വി റോഡ് സ്റ്റേഷനിലേക്ക് പ്രധാനമന്ത്രി കാറിൽ സഞ്ചരിച്ചു. റോഡിനിരുവശത്തും കാത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്താണ് പ്രധാനമന്ത്രി നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

