മെട്രോ നിരക്ക് വർധന: എം.പിയുടെ ഹരജിയിൽ സർക്കാറിന് ഹൈകോടതി നോട്ടീസ്
text_fieldsബംഗളൂരു: മെട്രോ നിരക്ക് വർധനക്ക് കാരണമായ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി യുവമോർച്ച ദേശീയ പ്രസിഡന്റും ബംഗളൂരു സൗത്ത് എം.പിയുമായ തേജസ്വി സൂര്യ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈകോടതി സംസ്ഥാന സർക്കാറിനും മെട്രോ അധികൃതർക്കും നോട്ടീസ് അയച്ചു. ബംഗളൂരുവിൽ മെട്രോ നിരക്ക് വർധനവിന് ആധാരമായ റിപ്പോർട്ട് വെളിപ്പെടുത്താത്ത ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ (ബി.എം.ആർ.സി.എൽ) നടപടി ചോദ്യം ചെയ്ത് തേജസ്വി സൂര്യ നൽകിയ ഹരജിയിലാണ് ഹൈകോടതി ഇടപെടൽ.
ഹരജി പരിഗണിച്ച ജസ്റ്റിസ് സുനിൽ ദത്ത് യാദവ് അധ്യക്ഷനായ ബെഞ്ച് ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കുകയും രണ്ടാമത്തെ ആഴ്ച വാദം കേൾക്കാൻ തീരുമാനിക്കുകയും ചെയ്തു. ‘ശക്തമായ ഒരു സ്ഥാനത്തിരിക്കെ, അദ്ദേഹത്തിന് ബി.എം.ആർ.സി.എല്ലിൽ നിന്ന് റിപ്പോർട്ട് വാങ്ങാൻ കഴിയുന്നില്ലേ?" എന്ന് എം.പിയുടെ അഭിഭാഷകനോട് ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു.
ബി.എം.ആർ.സി.എല്ലിന് കത്തെഴുതിയിട്ടുണ്ടെന്നും എം.ഡിയെ നേരിട്ട് കണ്ടിട്ടുണ്ടെന്നും മറുപടിയായി അഭിഭാഷകൻ ബോധിപ്പിച്ചു. നിരവധി ആർ.ടി.ഐ അപേക്ഷകൾ ഉൾപ്പെടെ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടില്ല.
ബംഗളൂരുവിലെ മെട്രോ നിരക്കുകൾ അവലോകനം ചെയ്യുന്നതിന് 2024 സെപ്റ്റംബർ ഏഴിന് ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്.എഫ്.സി) രൂപവത്കരിച്ചതായി ഹരജിയിൽ പറയുന്നു. വിരമിച്ച മദിരാശി ഹൈകോടതി ജഡ്ജി ജസ്റ്റിസ് ആർ. തരാണിയാണ് കമ്മിറ്റിയുടെ അധ്യക്ഷൻ. 2024 ഡിസംബറിൽ റിപ്പോർട്ട് സമർപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ 2025 ഫെബ്രുവരിയിൽ മെട്രോ നിരക്കുകൾ ഗണ്യമായി വർധിപ്പിച്ചു. ബി.എം.ആർ.സി.എൽ ടിക്കറ്റ് നിരക്ക് 100 ശതമാനം വരെ വർധിപ്പിച്ചതോടെ ബംഗളൂരു മെട്രോ രാജ്യത്തെ ഏറ്റവും ചെലവേറിയ മെട്രോയായി മാറി.
വിമർശനങ്ങളെയും പാർലമെന്റിൽ തേജസ്വി സൂര്യ നടത്തിയ പ്രസ്താവനയെയും തുടർന്ന്, പിന്നീട് വർധന 71 ശതമാനമായി കുറച്ചുവെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. സുതാര്യമായി പ്രവർത്തിക്കേണ്ടത് ബി.എം.ആർ.സി.എല്ലിന്റെയും സംസ്ഥാന സർക്കാറിന്റെയും അടിസ്ഥാനപരമായ കടമയാണെന്നും ഹർജിയിൽ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

