മെട്രോ യാത്രാനിരക്ക് അഞ്ച് ശതമാനം വര്‍ധിപ്പിച്ചു
text_fieldsബംഗളൂരു: മെട്രോ യാത്ര ഇനി ചെലവേറും. ഫെബ്രുവരി ഒമ്പത് മുതല്‍ വര്‍ധിപ്പിച്ച യാത്രാനിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ച് ശതമാനമാണ് നിരക്ക് വര്‍ധിപ്പിച്ചത്.
യാത്രാനിരക്ക് 71 ശതമാനം വര്‍ധിപ്പിച്ച് ഒരു വര്‍ഷം പൂര്ത്തിയാകുന്നതിനുമുമ്പാണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ (ബി.എം.ആർ.സി.എൽ) പുതിയ നിരക്ക് വര്‍ധന. പുതുക്കിയ നിരക്ക് പ്രകാരം കുറഞ്ഞ നിരക്ക് 10 രൂപയില്‍നിന്ന് 11 രൂപയായും പരമാവധി നിരക്ക് 90 രൂപയിൽ നിന്ന് 95 രൂപയായും വർധിപ്പിച്ചു. നമ്മ മെട്രോയുടെ എല്ലാ പാതകളിലും വർധന ബാധകമാണ്.
ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ (എഫ്.എഫ്.സി) ശിപാർശകൾ അനുസരിച്ചാണ് തീരുമാനമെന്ന് ബി.എം.ആർ.സി.എൽ പറഞ്ഞു. നിലവിലുള്ള യാത്രാ ഇളവുകൾ മാറ്റമില്ലാതെ തുടരും. കൂടാതെ സ്മാർട്ട് കാർഡ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻ.സി.എം.സി) ഉപഭോക്താക്കള്‍ക്ക് തിരക്കേറിയ സമയങ്ങളിൽ അഞ്ച് ശതമാനം കിഴിവും തിരക്കില്ലാത്ത സമയങ്ങളിൽ 10 ശതമാനം കിഴിവും തുടർന്നും ലഭിക്കും. പുതുക്കിയ നിരക്കുകൾ ടൂറിസ്റ്റ് കാർഡുകൾക്കും ഗ്രൂപ്പ് ടിക്കറ്റുകൾക്കും ബാധകമായിരിക്കും.
രണ്ട് കിലോമീറ്റര്‍ വരെ 11 രൂപ, രണ്ടു മുതല്‍ നാല് കിലോ കിലോമീറ്റര്‍ വരെ 21രൂപ, നാലുമുതല്‍ ആറു കിലോമീറ്റര്‍ വരെ 32രൂപ, ആറു മുതല്‍ എട്ട് കിലോമീറ്റര്‍ വരെ 42 രൂപ, എട്ട് മുതല്‍ 10 കിലോമീറ്റര്‍ വരെ 53 രൂപ, 10 മുതല്‍ 15 കിലോമീറ്റര്‍ വരെ 63 രൂപ, 15 മുതല്‍ 20 കിലോമീറ്റര്‍ വരെ 74 രൂപ, 20 മുതല്‍ 25 കിലോമീറ്റര്‍ വരെ 84 രൂപ, 25 കിലോമീറ്ററിന് മുകളില്‍ 95 രൂപയുമാണ് നിരക്ക്. സാമ്പത്തിക സുസ്ഥിരത, വിശ്വാസ്യത ഉറപ്പാക്കുക എന്നിവയാണ് പരിഷ്കരണം നടപ്പാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ബി.എം.ആർ.സി.എൽ ഊന്നിപ്പറയുന്നു.
എല്ലാ വര്‍ഷവും അഞ്ച് ശതമാനം നിരക്ക് വര്‍ധിപ്പിക്കാമെന്ന് 2025ല്‍ ഫെയര്‍ ഫിക്സിങ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

