മെട്രോ സിറ്റിയും ലഹരിയുടെ പിടിയിൽ; തൂഫാന് പൂർണ പിന്തുണയുമായി കർണാടക
text_fieldsഓപറേഷൻ തൂഫാന് കർണാടകയുടെ പിന്തുണ തേടി രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി
കൂടിക്കാഴ്ച നടത്തിയപ്പോള്‍
ബംഗളൂരു: ബംഗളൂരുവിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി എത്തുന്ന ബഹുഭൂരിഭാഗം മലയാളി വിദ്യാര്‍ഥികളും ലഹരിക്കടിപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒറ്റക്കുള്ള കുത്തഴിഞ്ഞ ജീവിതം പലപ്പോഴും കുട്ടികളെ ലഹരിയുടെ അടിമകളാക്കുന്നു. ആസ്വാദനമായി മാത്രം ഉപയോഗിച്ച് തുടങ്ങുന്ന ലഹരി പിന്നീട് യുവതലമുറയെ കീഴടക്കുന്നു.
ബംഗളൂരുവിലെ വിവിധ ജയിലുകളിലായി നിരവധി വിദ്യാര്‍ഥികളാണ് ലഹരി കേസുകളില്‍ കഴിയുന്നത്. സ്വകാര്യ ബസുകളും ട്രെയിനുകളുമാണ് ലഹരി ഇടപാടിന്റെ ഇടങ്ങള്‍. ലോക്കല്‍ ആളുകളിലൂടെയാണ് മിക്കപ്പോഴും ലഹരിയുടെ കൈമാറ്റം നടക്കുന്നത്. ലഹരി ഉപയോഗ നിയന്ത്രണത്തിനായി ആന്റി സ്ക്വാഡുകളെ വിന്യസിച്ചിട്ടും നഗരത്തില്‍ ലഹരി ഉപയോഗം ദിനംപ്രതി കുതിക്കുകയാണ്. കാമ്പസുകള്‍ കേന്ദ്രീകരിച്ച് അവബോധവും വിദ്യാര്‍ഥികളില്‍നിന്നും ആന്റി സ്ക്വാഡുകളെ കണ്ടെത്തിയിട്ടും ലഹരി വിപത്തിന് തടയിടാന്‍ സാധിക്കുന്നില്ല. വിമാനത്താവളത്തിലൂടെയും ലഹരി എത്തുന്നുണ്ട്. കൗമാരക്കാരായ വിദ്യാര്‍ഥികളാണ് ലഹരിയുടെ ഉപഭോക്താക്കളെന്നും നൂറിലധികം മലയാളികള്‍ ജയിലിലാണെന്നും നിരവധി സാമൂഹിക സേവന സംഘടനകളും പറയുന്നു. ലഹരിക്കടിപ്പെട്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതി വിശേഷവും വര്‍ധിക്കുകയാണ്.
മയക്കു മരുന്നിനെതിരെ പോരാടാൻ കര്‍ണാടക സര്‍ക്കാര്‍ ഓപറേഷന് റൈസ്, ബേഡ ബ്രോ എന്നീ ബോധവത്കരണ കാമ്പയിനുകളുമായി രംഗത്തുണ്ട്. കോളജുകൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവ കേന്ദ്രീകരിച്ചാണ് കാമ്പയിൻ. ലഹരിക്കടിപ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ പൊലീസുമായി പങ്കുവെക്കണമെന്നും ലഹരി വിപത്തിനെതിരെ പോരാടാന്‍ അവര്‍ സഹായിക്കുമെന്നും 2028 ഓടെ കര്‍ണാടകയെ മയക്കുമരുന്നു മുക്തമാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2026 മേയ് 31 വരെ 184.72 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെടുക്കുകയും 1,406 മയക്കുമരുന്ന് വിൽപനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 6,651 പ്രതികളെയും 5,090 ഉപഭോക്താക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ 17 മയക്കുമരുന്ന് നിർമാതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബംഗളൂരു: കേരളത്തില്‍ ആരംഭിച്ച ഓപറേഷൻ തൂഫാന് പൂർണ്ണ പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കർണാടക മുഖ്യമന്ത്രി ഡി. കെ ശിവകുമാറുമായി വിധാൻ സൗധയിൽ കൂടിക്കാഴ്ച നടത്തി. ലഹരി മരുന്നുകളുടെ വിൽപ്പനക്കും വ്യാപനത്തിനും എതിരെ കേരള ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപറേഷൻ തൂഫാന് കർണാടക സർക്കാര്‍ പൂർണ പിന്തുണ നല്‍കുമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു.
രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി ഡി.കെ
കേരള- കർണാടക അതിർത്തിയിൽ ശക്തമായ പരിശോധന വേണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആവശ്യം പരിഗണിച്ച് കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും ഡി.കെ ശിവകുമാർ ഉറപ്പുനൽകി. 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിന്റെ വിജയത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന ഒന്നാണ് ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. കേരള-കർണാടക പൊലീസ് സേനകൾ തമ്മിൽ ശക്തമായ ഏകോപനവും സഹകരണവും ഇക്കാര്യത്തിൽ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർനടപടികൾക്കായി കർണാടക ചീഫ് സെക്രട്ടറിയെ വിളിച്ച് നിർദ്ദേശം നൽകി. ലഹരിക്കെതിരെ ഒന്നിച്ചുള്ള പോരാട്ടത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നടക്കും.
കർണാടകയില്‍ നിന്നുള്ള ഓപറേഷന് തൂഫാന് വാരിയേഴ്സായി തിരഞ്ഞെടുത്ത പി.എ. ഐസക്ക്, ജോജു വര്‍ഗീസ്, സുമോജ് മാത്യൂ എന്നിവര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

