മെട്രോ വിമാനത്താവള പദ്ധതി: 411 മരങ്ങൾ മുറിക്കാൻ അനുമതി
text_fieldsബംഗളൂരു: നമ്മ മെട്രോ ലൈനിന്‍റെ വിപുലീകരണത്തിനായി 411 മരങ്ങൾ മുറിക്കാൻ ഹൈകോടതിയുടെ അനുമതി. ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) ആണ് ഇത് സംബന്ധിച്ച് ഹൈകോടതിയെ സമീപിച്ചിരുന്നത്. കെ.ആർ പുരത്തിനും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലുള്ള മെട്രോ ലൈനിന്റെ മധ്യഭാഗത്തുള്ള മരങ്ങൾ മുറിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. മുറിക്കുന്ന മരത്തിന് പകരമായി മരങ്ങൾ നടണമെന്നും ജസ്റ്റിസുമാരായ അലോക് ആരാധ്യ, എസ്. വിശ്വജിത്ത് ഷെട്ടി എന്നിവർ ബി.എം.ആർ.സി.എല്ലിനോട് നിർദേശിച്ചിട്ടുണ്ട്. മരം മുറിക്കുന്നതിന് പകരമെന്നോണം മറേനഹള്ളിയിലെ കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്‍റ് ബോർഡിന്‍റെ എയ്റോ സ്പേസ് പാർക്കിൽ ആകെ 4,110 മരങ്ങൾ നട്ടുപിടിപ്പിക്കും.
മെട്രോയുടെ വിമാനത്താവള പദ്ധതിക്ക് ഈ മരങ്ങൾ തടസ്സമായിരുന്നു. ഹൈകോടതിയുടെ ഉത്തരവ് ഏറെ ആശ്വാസകരമാണെന്നും പദ്ധതി സംബന്ധിച്ച നടപടികൾ ഊർജിതമാക്കുമെന്നും ബി.എം.ആർ.സി.എൽ അധികൃതർ പറഞ്ഞു.
'നമ്മ മെട്രോ'യുടെ വിപുലീകരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. യെല്ലോ ലൈനിന്‍റെ ആദ്യഘട്ടം 2023 ജൂൺ മുതൽ പ്രവർത്തനം തുടങ്ങും. ബൊമ്മസാന്ദ്ര മുതൽ സെൻട്രൽ സിൽക് ബോർഡ് വരെയാണ് യെല്ലോ ലൈൻ. ബൊമ്മസാന്ദ്ര-ആർ.വി റോഡിന്‍റെ ഈ ഭാഗം പ്രവൃത്തിയുടെ ഭാഗമായി ഉയർത്തിയിട്ടുണ്ട്. 2023 ഡിസംബറോടുകൂടി രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി സെൻട്രൽ സിൽക് ബോർഡ് സ്റ്റേഷൻ ആർ.വി റോഡിലേക്ക് തുറക്കും. യെല്ലോ ലൈനിന്‍റെ എല്ലാ പ്രവൃത്തികളും 2021ൽ തീർക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നു. എന്നാൽ, പിന്നീട് ഇത് 2022 ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, കരാറുകാരിൽനിന്ന് സാമഗ്രികൾ ലഭിക്കാനുള്ള കാലതാമസം ഉള്ളതിനാൽ 2023 ജൂണിൽ യെല്ലോ ലൈൻ പ്രവർത്തനം തുടങ്ങുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. 2019 ഡിസംബറിലാണ് മെട്രോക്കുള്ള 216 കോച്ചുകൾക്കുള്ള കരാർ ചൈനീസ് കമ്പനിയായ സി.ആർ.സി.സി നഞ്ചിങ് പഴൻ കോ-ലിമിറ്റഡിന് നൽകിയത്. 173 ആഴ്ചകൾക്കുള്ളിൽ കമ്പനി കോച്ചുകൾ കൈമാറണം. എന്നാൽ, ഇതിൽ കാലതാമസം നേരിട്ടു. ബി.എം.ആർ.സി.എൽ നിരവധി കത്തുകളും മുന്നറിയിപ്പും നൽകിയെങ്കിലും ഒരു കോച്ചുപോലും എത്തിയിട്ടില്ല.
അതേസമയം, ഇന്ത്യയിൽതന്നെ മെട്രോ കോച്ചുകൾ നിർമിക്കാൻ സി.ആർ.സി.സിക്ക് കൊൽക്കത്ത ആസ്ഥാനമായ കമ്പനിയായ ടിറ്റാഗർ വാഗൺസുമായി ബന്ധപ്പെട്ട് പദ്ധതിയുണ്ടെന്ന് ബി.എം.ആർ.സി.എൽ ഉദ്യോഗസ്ഥർ പറയുന്നു. 'മേക് ഇൻ ഇന്ത്യ'എന്ന കേന്ദ്ര സർക്കാർ പദ്ധതിക്ക് കീഴിൽ ഇവിടെതന്നെ കോച്ചുകൾ നിർമിക്കാനുള്ള നിർമാതാക്കളെ കണ്ടെത്താൻ കാലതാമസം വരുന്നതിനാലാണ് സി.ആർ.സി.സി നടപടികൾ വൈകുന്നതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

