കർണാടകയിൽ മനോരോഗിപ്പെരുപ്പം; അഞ്ച് വർഷത്തിൽ 48 ലക്ഷം പേർ
text_fieldsബംഗളൂരു: സംസ്ഥാനത്ത് മാനസിക രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി പെരുകുന്നുവെന്ന് റിപ്പോർട്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ, തൊഴിലില്ലായ്മ, കുടുംബ തർക്കങ്ങൾ, മറ്റു പ്രശ്നങ്ങൾ എന്നിവയാണ് കാരണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 47.89 ലക്ഷം പേർ സർക്കാർ ആശുപത്രികളിൽ കൗൺസലിങ്ങും ചികിത്സയും നേടിയിട്ടുണ്ട്.
എല്ലാ ജില്ല ആശുപത്രികളിലും സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിലും സൈക്ലോജിക്കൽ കൗൺസലിങ്ങും ചികിത്സയും ലഭ്യമാണ്. താലൂക്ക് ആശുപത്രികളിൽ തെരഞ്ഞെടുത്ത ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് മാനസികരോഗ ചികിത്സ നൽകുന്നത്. യുവാക്കളാണ് മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കൂടുതലായും ഇരയാകുന്നതെന്ന് നിംഹാൻസിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലായ്മ, വേഗത്തിൽ വിജയം നേടാനുള്ള സമ്മർദം, ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം, നഗരവത്കരണം, കുടുംബപ്രശ്നങ്ങൾ, ഏകാന്തത, ജോലിസമ്മർദം തുടങ്ങിയ ഘടകങ്ങൾ അവരുടെ മാനസിക ക്ലേശത്തിന് കാരണമാകുന്നു. ആത്മഹത്യചെയ്യുന്നവരിൽ മൂന്നിലൊന്ന് പേരും മാനസിക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണെന്നും മറ്റുള്ളവർ സാമ്പത്തിക സമ്മർദവും കുടുംബപ്രശ്നങ്ങളും കാരണം കടുത്ത നടപടികളെടുക്കുന്നുവെന്നും നിംഹാൻസ് വിശകലനം സൂചിപ്പിക്കുന്നു.
‘മാനസിക ആരോഗ്യം ഗുരുതരമായ ആശങ്കയായി മാറിയിരിക്കുന്നു. മാനസിക രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന വ്യക്തികൾ ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ, പേടിസ്വപ്നങ്ങൾ, അരക്ഷിതാവസ്ഥ, ഏകാഗ്രതയുടെ അഭാവം, ജോലിയിൽ താൽപര്യമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. ഈ ലക്ഷണങ്ങൾ തിരിച്ചറിയുകയും ഉചിതമായ ചികിത്സ നൽകുകയും ചെയ്യുന്നത് നിർണായകമാണ്. വിദ്യാഭ്യാസ സമ്മർദവും അമിത സ്ക്രീൻ സമയവും കാരണം കുട്ടികളിലും കൗമാരക്കാർക്കിടയിലും മാനസികാരോഗ്യ പ്രശ്നങ്ങൾ വ്യാപകമാണ്. കുട്ടികളും കൗമാരക്കാരും ഉൾപ്പെട്ട 1.36 ലക്ഷം കേസുകൾ ഉൾപ്പെടെ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 28.24 ലക്ഷം മാനസിക രോഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പരീക്ഷകളിൽ ഉന്നതവിജയം നേടാനുള്ള മാതാപിതാക്കളുടെ സമ്മർദം പല കുട്ടികളിലും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നിരന്തരമായ കോപം, ഇടക്കിടെയുള്ള കോപം, അമിതമായ ആവശ്യങ്ങൾ എന്നിവയും അടിസ്ഥാനപരമായ മാനസിക ക്ലേശത്തെ സൂചിപ്പിക്കാം. ഭാവിയിലെ പ്രതിസന്ധികൾ തടയാൻ രക്ഷിതാക്കൾ കുട്ടികളിലെ പെരുമാറ്റ മാറ്റങ്ങൾ നിരീക്ഷിക്കുകയും അവരുടെ ആശങ്കകൾ മനസ്സിലാക്കുകയും വേണമെന്നും നിംഹാൻസ് ഡോക്ടർമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

