മേക്കാദാട്ടു പദ്ധതി; കർണാടക സർക്കാറിന്റെ ഹരജി സുപ്രീംകോടതി 23ന് പരിഗണിക്കും
text_fieldsമേക്കദാട്ടു പദ്ധതി പ്രദേശം
ബംഗളൂരു: നിർദിഷ്ട മേക്കദാട്ടു പദ്ധതിയുടെ നിർമാണം അടിയന്തരമായി ആരംഭിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്ന കർണാടകയുടെ ഹരജി സെപ്റ്റംബർ 23ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു. ഏതെങ്കിലും കാലതാമസം പദ്ധതിയുടെ ചെലവിൽ ഗണ്യമായ വർധനക്ക് കാരണമാകുമെന്നാണ് സംസ്ഥാനത്തിന്റെ വാദം. ഇതിനകം 2019ലെ 9,000 കോടി രൂപയിൽനിന്ന് 2023-24ൽ 14,500 കോടി രൂപയായി വർധിച്ചു.
അഭിഭാഷകനായ നിഷാന്ത് പാട്ടീലിന്റെ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ കർണാടകയുടെ ഹരജി പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചു. 2023 സെപ്റ്റംബർ 21നാണ് കേസ് അവസാനമായി കോടതിയുടെ പരിഗണനക്ക് വെച്ചതെന്നും തുടർന്ന് രണ്ടാഴ്ചക്കു ശേഷം കേസ് പരിഗണിക്കാൻ നിർദേശിച്ചതായും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, അതിനുശേഷം കേസ് വാദം കേൾക്കാൻ എടുത്തിട്ടില്ല. "23.09.2025 ലെ ലിസ്റ്റ്, ബോർഡിൽ ഉന്നത സ്ഥാനത്ത്," ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
ബംഗളൂരു മെട്രോപൊളിറ്റൻ മേഖലയിലെ ദശലക്ഷക്കണക്കിന് നിവാസികളുടെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനും രൂക്ഷമായ ജലക്ഷാമം ലഘൂകരിക്കുന്നതിനും 'മേക്കദാട്ടു ബാലൻസിങ് റിസർവോയർ കം ഡ്രിങ്കിങ് വാട്ടർ പ്രോജക്ട്' നിർണായകമാണെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ആഗസ്റ്റ് 28 ന് നേരത്തേ വാദം കേൾക്കാൻ അപേക്ഷ നൽകി. "2018 ഫെബ്രുവരി 16 ലെ സുപ്രീംകോടതി വിധിപ്രകാരം പരിഷ്കരിച്ച കാവേരി ജല തർക്ക ട്രൈബ്യൂണലിന്റെ അന്തിമ ഉത്തരവ് അനുസരിച്ച്, സാധാരണ വർഷത്തിൽ ബിലിഗുണ്ടുലുവിൽ തമിഴ്നാടിന് പ്രതിമാസം നിശ്ചയിച്ചിട്ടുള്ള ജലം വിതരണം ചെയ്യുന്നത് നിയന്ത്രിക്കുന്നതിന് ഈ പദ്ധതി വളരെ പ്രധാനമാണ്," എന്ന് ഹരർജിയിൽ പറയുന്നു.
ബംഗളൂരു മെട്രോപൊളിറ്റൻ മേഖലയുടെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ കോടതി അനുവദിച്ച 4.75 ടി.എം.സി വെള്ളം ഉപയോഗിക്കേണ്ടത് പ്രധാനമാണെന്ന് സംസ്ഥാനം പറഞ്ഞു. അന്തർസംസ്ഥാന അതിർത്തിയായ ബിലിഗുണ്ടുലുവിൽ ഉറപ്പാക്കേണ്ട ഒഴുക്കിൽ നിന്ന് പ്രതിവർഷം 400 മെഗാവാട്ട് ജലവൈദ്യുത ഉൽപാദനം ഉറപ്പാക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
2018 ലെ സുപ്രീം കോടതി വിധിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി, 'മേക്കദാട്ടു ബാലൻസിങ് റിസർവോയർ കം ഡ്രിങ്കിങ് വാട്ടർ പ്രോജക്ട്' എന്ന നിർദിഷ്ട നിർമാണത്തെ ചോദ്യം ചെയ്ത് പ്രതിഭാഗമായ തമിഴ്നാട് സംസ്ഥാനം തെറ്റായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും കർണാടക പറഞ്ഞു. "തമിഴ്നാട് സംസ്ഥാനം സമർപ്പിച്ച അപേക്ഷകൾ തീർച്ചയായും നിലനിൽക്കില്ല. അല്ലാത്തപക്ഷം, പദ്ധതി തമിഴ്നാടിന്റെ താഴ്ന്ന പ്രദേശങ്ങളിലെ താൽപര്യങ്ങൾക്ക് പരിക്കോ നാശമോ വരുത്തില്ല. മറിച്ച്, പദ്ധതി രണ്ട് സംസ്ഥാനങ്ങളുടെയും താൽപര്യങ്ങൾക്കനുസരിച്ചാണ്. നിർദ്ദിഷ്ട പദ്ധതിയുടെ ലക്ഷ്യങ്ങളിൽനിന്ന് ഇതു വ്യക്തമാണ്," എന്ന് അതിൽ പറയുന്നു.
നിർദിഷ്ട പദ്ധതി നിർമിക്കുന്നതിന് പദയാത്രപോലുള്ള മാർഗങ്ങളിലൂടെ പൊതുജനങ്ങളിൽനിന്ന് തുടർച്ചയായ സമ്മർദം ഉണ്ടായിട്ടുണ്ടെന്നും സംസ്ഥാനം വാദിച്ചു. "അണക്കെട്ടിന്റെ നിർമാണം ആരംഭിക്കുന്നതിന് നിയമപരമായ തടസ്സമില്ലെന്ന് പൊതുജനങ്ങൾ പറഞ്ഞുവരുകയാണ്. നിർമാണത്തിലെ കാലതാമസം ചെലവ് വർധിപ്പിക്കുമെന്ന് പൊതുജനങ്ങളും പറഞ്ഞുവരുകയാണ്. വാസ്തവത്തിൽ, അത് ഇതിനകംതന്നെ വർധിച്ചു," അതിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

