മേക്കെദാട്ടു പദ്ധതി വീണ്ടും സജീവ ചർച്ചയിലേക്ക്
text_fieldsബംഗളൂരു: ഇടവേളക്കുശേഷം മേക്കെദാട്ടു പദ്ധതി വീണ്ടും സജീവ ചർച്ചയിലേക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പിയെ അടിക്കാൻ കോൺഗ്രസ് ഉപയോഗിച്ച പ്രധാന ആയുധമായിരുന്നു മേക്കെദാട്ടു പദ്ധതി. ചൊവ്വാഴ്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ജലസേചനവകുപ്പ് അധികൃതരുടെ യോഗം വിളിച്ചതോടെയാണ് പദ്ധതി വീണ്ടും ചർച്ചയാകുന്നത്. രാമനഗര ജില്ലയിലെ കനകപുരക്ക് സമീപം നിർമിക്കാനുദ്ദേശിക്കുന്ന വിവിധോദ്ദേശ്യ പദ്ധതിയാണ് മേക്കെദാട്ടു. കുടിവെള്ള വൈദ്യുതി ഉൽപാദന പദ്ധതിയാണിത്.
ബംഗളൂരുവിലേക്കും സമീപ പ്രദേശങ്ങളിലേക്കും 4.75 ടി.എം.സി കുടിവെള്ളം ഉറപ്പാക്കാനും 400 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ മതിപ്പ് ചെലവ് 9,000 കോടി രൂപയാണ്. പദ്ധതി തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞാണ് അയൽസംസ്ഥാനമായ തമിഴ്നാട് പദ്ധതിയെ എതിർക്കുന്നത്.
ദക്ഷിണ കർണാടകയിലെ രാമനഗര ജില്ലയിൽ കാവേരി, അർക്കാവതി നദികളുടെ സംഗമസ്ഥാനമായ മേക്കെദാട്ടുവിൽനിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെ ഒണ്ടിഗൊണ്ടുലുവിന് സമീപമാണ് ഇതിന്റെ അണക്കെട്ട് നിർമിക്കുന്നത്. കാവേരി നദീജലം പങ്കിടലുമായി ബന്ധപ്പെട്ട തർക്കം ഉൾപ്പെടുന്ന പദ്ധതിക്ക് കേന്ദ്രത്തിൽനിന്നും കോടതികളിൽനിന്നും നിരവധി അനുമതികൾ ആവശ്യമാണ്.
പദ്ധതിയെച്ചൊല്ലി ഇരു സംസ്ഥാനങ്ങളിലെയും മന്ത്രിമാർ തമ്മിൽ പലതവണ വാക്പോരുണ്ടായി. തമിഴ്നാട് ബി.ജെ.പി നേതാക്കൾ പദ്ധതിക്കെതിരെ നിരാഹാര സമരവും നടത്തിയിരുന്നു. റിസർവോയർ നിർമിച്ചാൽ വനഭൂമിയുടെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാകും. ഇതിനാൽ പദ്ധതിക്ക് പാരിസ്ഥിതിക അനുമതിയും ആവശ്യമാണ്. ഇതിനെ കുറിച്ചും നിർദിഷ്ട റിസർവോയർ ഉൾക്കൊള്ളുന്ന ആന ഇടനാഴിയെ കുറിച്ചും പരിസ്ഥിതി പ്രവർത്തകർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ സമ്മതത്തോടെ മാത്രമേ പദ്ധതി നടപ്പാക്കാൻ കഴിയൂവെന്ന അവസ്ഥയാണുള്ളത്.മേക്കെദാട്ടു പദ്ധതി വഴി ബംഗളൂരു നഗരത്തിലേക്ക് കാവേരി നദിയിൽനിന്ന് വെള്ളവും തമിഴ്നാടിന് ൈവദ്യുതിയും ലഭിക്കുമെന്ന് കർണാടക സർക്കാർ അടുത്തിടെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
കർണാടകയുടെ എല്ലാ വികസന പദ്ധതികളെയും എതിർക്കുകയെന്നത് തമിഴ്നാടിന്റെ എക്കാലത്തെയും സ്വഭാവമാണെന്നും കർണാടക ആരോപിക്കുന്നു. മേക്കെദാട്ടു പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് നൽകിയ മറുപടിയിലാണ് കർണാടക നിലപാട് വ്യക്തമാക്കിയത്. എന്നാൽ, ബില്ലിഗുണ്ട്ലു റിസർവോയറിന് മുകളിലായാണ് പദ്ധതി വരുന്നതെന്നും ഇവിടം രണ്ടു സംസ്ഥാനങ്ങളും ജലം പങ്കിടുന്ന പ്രദേശമാണെന്നും അത് 2007ലെ ജലത്തർക്ക ട്രൈബ്യൂണലിന്റെ നിർദേശത്തിനനുസരിച്ചാണെന്നുമാണ് തമിഴ്നാട് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

