ആറു ലക്ഷം തൊഴിലവസരങ്ങൾ; നാലു ദിന നിക്ഷേപ ഉച്ചകോടി സമാപിച്ചു
text_fieldsകർണാടക ആഗോള നിക്ഷേപ ഉച്ചകോടി സമാപന വേദിയിൽ മുൻ ഗ്രീക്ക് പ്രധാനമന്ത്രി ജോർജ് പപ്പാൻഡ്രിയോ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, വൻകിട-ഇടത്തരം വ്യവസായ മന്ത്രി എം.ബി. പാട്ടീൽ, ശശി തരൂർ എം.പി എന്നിവർ
ബംഗളൂരു: കർണാടകയിൽ ആറു ലക്ഷം തൊഴിലവസര സാധ്യതകൾ തുറന്നിട്ട് നാലുദിവസത്തെ ‘മെഗാ ഇൻവെസ്റ്റ് കർണാടക 2025’ ഉച്ചകോടി സമാപിച്ചു.
10.37 ലക്ഷം കോടി രൂപയുടെ ബംപർ നിക്ഷേപവും സാധ്യമായി. ബംഗളൂരുവിനു പുറത്തുള്ള പ്രദേശങ്ങളാണ് നിക്ഷേപത്തിന്റെ 75 ശതമാനവും നേടിയതെന്ന് വൻകിട- ഇടത്തരം വ്യവസായ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.
മേളക്ക് തിരശ്ശീല വീണശേഷം ബംഗളൂരു പാലസ് ഗ്രൗണ്ടിൽ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻവെസ്റ്റ് കർണാടക വലിയ വിജയമായി മാറിയതിന്റെ മഹത്വത്തിൽ മന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു.
ചില കമ്പനികൾ താൽപര്യം പ്രകടിപ്പിച്ച് പദ്ധതികൾ അന്തിമമാക്കിയശേഷം തിരികെ വരുമെന്ന് വാഗ്ദാനം ചെയ്തതിനാൽ സംസ്ഥാനം ആകർഷിക്കുന്ന നിക്ഷേപത്തിന്റെ ആകെ വലുപ്പം ഇനിയും കൂടുതലാവുമെന്ന് ശിവകുമാറും പാട്ടീലും പറഞ്ഞു. എല്ലാ നിക്ഷേപ നിർദേശങ്ങൾക്കുമുള്ള ധാരണപത്രങ്ങൾ (എം.ഒ.യു) എല്ലാ ഔപചാരികതകളും പൂർത്തിയാക്കിയശേഷം ഒപ്പുവെക്കും.
ആറു ലക്ഷം തൊഴിലവസരങ്ങൾ പ്രധാനമായും ഉൽപാദന, വൈദ്യുതി ഉൽപാദന മേഖലകളിലായിരിക്കുമെന്ന് അവർ പറഞ്ഞു.
ജിൻഡാൽ ഗ്രൂപ് ഊർജം, സിമൻറ്, സ്റ്റീൽ, മറ്റ് അനുബന്ധ വ്യവസായങ്ങൾ എന്നിവയിൽ 1.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും, ബാൽഡോട്ട ഗ്രൂപ് കൊപ്പലിൽ 54,000 കോടി രൂപയുടെ നിക്ഷേപത്തിൽ ഒരു സ്റ്റീൽ നിർമാണ യൂനിറ്റ് സ്ഥാപിക്കും, ലാം റിസർച്ച് കമ്പനി 10,000 കോടി രൂപയുടെ നിർമാണ, ഗവേഷണ മേഖലകളിൽ നിക്ഷേപം നടത്തും.ഷ്നൈഡർ ഇലക്ട്രിക് കമ്പനി 2,247 കോടി രൂപ ചെലവിൽ ഇലക്ട്രിക്കൽ ഉപകരണ നിർമാണ ഗവേഷണ യൂനിറ്റ്, വോൾവോ കമ്പനി 1,400 കോടി രൂപ നിക്ഷേപിച്ച് ഇലക്ട്രിക് ബസ്, ട്രക്ക് നിർമാണ യൂനിറ്റ് എന്നിവ സ്ഥാപിക്കും.
ഹോണ്ട കമ്പനി ഇലക്ട്രിക് വാഹന നിർമാണ യൂനിറ്റിനായി 600 കോടി രൂപ നിക്ഷേപിക്കുന്നുണ്ട്.ഈ വിജയം സംസ്ഥാനത്തിന്റെ ശക്തിയുടെ പ്രതിഫലനമാണെന്ന് വിശേഷിപ്പിച്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കർണാടക മറ്റു സംസ്ഥാനങ്ങളുമായോ ഇന്ത്യയിലെ നഗരങ്ങളുമായോ നിക്ഷേപത്തിനായി മത്സരിക്കുന്നില്ലെന്നും ആഗോള തലത്തിൽ മത്സരിക്കുകയാണെന്നും പറഞ്ഞു.
കഴിഞ്ഞ നാല് ദിവസത്തിനിടെ നിരവധി നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചു. നിക്ഷേപകർക്ക് കർണാടകയിൽ വിശ്വസിക്കാം, അത് ഒരിക്കലും പരാജയപ്പെടില്ല. സജ്ജൻ ജിൻഡാലും ആനന്ദ് മഹീന്ദ്രയും സംസ്ഥാനത്തെ സ്തുതിച്ചുകൊണ്ട് പാടുന്നത് നിങ്ങൾ കേട്ടിട്ടുണ്ട്.
കർണാടകയിൽ നിക്ഷേപിക്കുന്നത് ബിസിനസുകളുടെയും രാജ്യത്തിന്റെയും താൽപര്യമാണ്. ബംഗളൂരുവിനെ മാത്രമല്ല, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളെയും വികസിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എയ്റോസ്പേസിലും മറ്റു വ്യവസായങ്ങളിലും നമ്മുടെ സംസ്ഥാനം വലിയ മുന്നേറ്റം നടത്തുകയാണ്.
കർണാടകക്ക് എം.എസ്.എം.ഇകൾ ഒരു വലിയ ശക്തിയാണ്. നെഹ്റുവിന്റെ കാലത്ത് ആരംഭിച്ച വ്യവസായങ്ങൾ ഇന്ന് ഭീമന്മാരായി വളർന്നിരിക്കുന്നു. മറ്റു രാജ്യങ്ങളിൽനിന്നും ഇന്ത്യയിൽ നിന്നുമുള്ള വലിയ കമ്പനികൾ നമ്മുടെ നയങ്ങളിലും ബിസിനസ് അന്തരീക്ഷത്തിലും വിശ്വാസം അർപ്പിച്ച് കർണാടകയിലേക്ക് വന്നിട്ടുണ്ട്. പുതിയ വ്യവസായിക നയം സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നു.
കർണാടക പുതിയ ടൂറിസം നയം പ്രഖ്യാപിച്ചു. മേഖലയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സംരക്ഷിച്ചുകൊണ്ട് 300 കിലോമീറ്റർ തീരദേശ മേഖല വികസിപ്പിക്കുക എന്നതാണ് പുതിയ നയം വിഭാവന ചെയ്യുന്നത്.
രാജ്യത്ത് ആദ്യമായി നിക്ഷേപക സംഗമം എന്ന ആശയം ആരംഭിച്ചത് അന്തരിച്ച മുഖ്യമന്ത്രി എസ്.എം. കൃഷ്ണയാണ്. സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിനുള്ള ഔപചാരിക വേദിയാണ് ആഗോള നിക്ഷേപക സംഗമം.
എന്നാൽ, വർഷം മുഴുവനും സംസ്ഥാനം ബിസിനസിനായി തുറന്നിരിക്കും. നിങ്ങളെ സഹായിക്കാനും സേവിക്കാനും ഞങ്ങൾ എപ്പോഴും തയാറാണെന്ന് ശിവകുമാർറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

