രാഹുലിനെ കണ്ടുപഠിക്കൂ, ഇങ്ങനെ കരയാതെ - മോദിയോട് പ്രിയങ്ക
text_fieldsകിറ്റൂർ കർണാടകിലെ ബെളഗാവി ജമഖണ്ഡിയിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽനടന്ന കോൺഗ്രസ് റോഡ്ഷോയിൽനിന്ന്
ബംഗളൂരു: തെരഞ്ഞെടുപ്പിൽ വില കുറഞ്ഞ കാര്യങ്ങളല്ല പറയേണ്ടതെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുലിനെ കണ്ട് പഠിക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി ജനങ്ങളുടെ കാര്യങ്ങളാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഇക്കാര്യങ്ങളാണ് ചർച്ചയാകേണ്ടത്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ജംഖണ്ഡിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മോദി വിഷസർപ്പത്തെ പോലെയാണെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന എടുത്തുകാട്ടി ഞായറാഴ്ചയും മോദി കോൺഗ്രസിനെ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. മോദി തങ്ങളുടെ കുടുംബത്തെ പരിഹസിച്ച് പറഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് പട്ടിക തയാറാക്കാൻ തുടങ്ങിയാൽ പുസ്തകങ്ങൾ വരെ പ്രസിദ്ധീകരിക്കേണ്ടി വരും. പല പ്രധാനമന്ത്രിമാരെയും താൻ കണ്ടിട്ടുണ്ട്. ഇന്ദിരാഗാന്ധി രാജ്യത്തിന് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങിയാണ് മരിക്കുന്നത്. തന്റെ പിതാവായ രാജീവ് ഗാന്ധി രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചു. എന്നാൽ തന്നെ പറ്റി മോശം കാര്യങ്ങൾ പറയുന്നേ എന്ന് പറഞ്ഞ് കരയുന്ന ഒരു പ്രധാനമന്ത്രിയെ മാത്രമേ താൻ കണ്ടിട്ടുള്ളൂ. അത് മോദിയാണ്. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങൾ സംബന്ധിച്ചുള്ള പട്ടിക തയാറാക്കാൻ മോദിയുടെ ഓഫിസിൽ ആരുമില്ല, എന്നാൽ അദ്ദേഹത്തെ പറ്റി ആരെങ്കിലും പറഞ്ഞാൽ അതിന്റെ പട്ടിക തയാറാക്കാൻ ഓഫിസിൽ ആളുണ്ടെന്നും പ്രിയങ്ക പരിഹസിച്ചു.
രാജ്യത്തിന് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാൻ തയാറാണെന്നാണ് രാഹുൽ പറയുന്നത്. മോദി എന്തു ചീത്ത വിളിച്ചാലും വെടിവെച്ചാലും കത്തികൊണ്ട് ആക്രമിച്ചാലും എന്തുവില കൊടുത്തും സത്യത്തിന് വേണ്ടി നിലകൊള്ളുമെന്നാണ് രാഹുൽ പറയുന്നത്. ഈ ധൈര്യം കാണിക്കാൻ മോദി തയാറാകണം. പൊതുപ്രവർത്തകർക്കെതിരെ വിമർശനം സാധാരണമാണ്. അതുനേരിടാതെ കരയുകയല്ല വേണ്ടതെന്നും പ്രിയങ്ക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

