ജില്ല ജയിലിലേക്ക് ടൂത്ത് പേസ്റ്റിൽ എം.ഡി.എം.എ കടത്തി; ഒരാൾ അറസ്റ്റിൽ
text_fieldsമംഗളൂരു: തടവുകാരനുള്ള ടൂത്ത് പേസ്റ്റിൽ എം.ഡി.എം.എ കണ്ടെത്തിയതിനെ തുടർന്ന് മംഗളൂരു ജില്ല ജയിലിലെ സുരക്ഷ ഉദ്യോഗസ്ഥർ ഒരാളെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ഇയാളെ ബാർക്കെ പൊലീസിന് കൈമാറി. ഉർവ സ്റ്റോർ നിവാസി ആഷിഖാണ് അറസ്റ്റിലായത്. ജയിൽ സൂപ്രണ്ട് ശരണബസപ്പയുടെ പരാതിയിലാണ് നടപടി.
വിചാരണത്തടവുകാരനായ അൻവിത്തിനെ സന്ദർശിക്കാനാണ് ആഷിക് ജയിലിലെത്തിയത്. തടവുകാരന് നൽകുന്നതിനായി 40 പാക്കറ്റ് ബിസ്‌കറ്റുകൾ, ഒരു പാക്കറ്റ് മിശ്രിതം, ഒരു പാക്കറ്റ് മുറുക്ക്, ഒരു ട്യൂബ് ടൂത്ത് പേസ്റ്റ് എന്നിവ കൊണ്ടുവന്നിരുന്നു.
ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഐ.എസ്.എഫ് ഉദ്യോഗസ്ഥരായ ശശികുമാർ മൂലിൻമനെ, ഡി.കെ. ശേഖർ എന്നിവർ ശരീരത്തിൽ ഘടിപ്പിച്ച കാമറകളും സാധാരണ സുരക്ഷാ ഉപകരണങ്ങളും ഉപയോഗിച്ച് പതിവ് പരിശോധന നടത്തി. പരിശോധനക്കിടെ ടൂത്ത് പേസ്റ്റ് ട്യൂബിനുള്ളിൽ സംശയാസ്പദമായ എന്തോ കണ്ടു. ട്യൂബ് തുറന്നുള്ള വിശദ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.
ജയിലിനു മുന്നിലുള്ള ഫോട്ടോകോപ്പി കടക്ക് സമീപമുള്ള ഒരാൾ തനിക്ക് ബേക്കറി സാധനങ്ങൾ കൈമാറിയതായും വിചാരണത്തടവുകാരനായ അൻവിത്തിന് അവ എത്തിക്കാൻ നിർദേശിച്ചതായും ചോദ്യം ചെയ്യലിൽ ആഷിക് ഉദ്യോഗസ്ഥരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

