മൈസൂരുവിലെ എം.ഡി.എം.എ റാക്കറ്റ്; വ്യാപക പരിശോധനയുമായി പൊലീസ്
text_fieldsബംഗളൂരു: മൈസൂരു റിങ് റോഡിലെ മോട്ടോർ ഗാരേജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് നിർമാണ കേന്ദ്രം കണ്ടെത്തി നാലു പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മൈസൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസിന്റെ വ്യാപക റെയ്ഡ്.
സിറ്റി പൊലീസ് കമീഷണർ സീമ ലത്കർ, ഡി.സി.പിമാരായ ആർ.എൻ. ബിന്ദു മണി, കെ.എസ്. സുന്ദർരാജ് എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്ച നടത്തിയ റെയ്ഡ് അർധരാത്രി 12 വരെ നീണ്ടു. നേരത്തേ മയക്കുമരുന്ന്, കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ട 35 പേരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഇതിൽ 29 പേരെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണ്ഡി മൊഹല്ലയിൽ മാത്രം 26 വീടുകളിൽ റെയ്ഡ് നടന്നു.
ഇതിന് പുറമെ, ഉദയഗിരി, എൻ.ആർ മൊഹല്ല, നസർബാദ്, കെ.ആർ മൊഹല്ല എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. വീടുകൾക്ക് പുറമെ, ഹോസ്റ്റലുകൾ, വെയർഹൗസുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. മൈസൂരു നഗര പരിധിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലഹരി വിരുദ്ധ സ്പെഷൽ ഡ്രൈവുകൾ നടത്താൻ സിറ്റി പൊലീസ് കമീഷണർ നിർദേശം നൽകി.
മഹാരാഷ്ട്ര ആന്റി നാർകോട്ടിക്സ് സ്ക്വാഡും മൈസൂരു സിറ്റി പൊലീസും ചേർന്ന് ശനിയാഴ്ച വൈകീട്ട് നടത്തിയ റെയ്ഡിലാണ് കോടികളുടെ രാസ ലഹരി നിർമാണം നടക്കുന്ന യൂനിറ്റ് പിടിച്ചെടുത്തത്. മുംബൈ അന്ധേരി സ്വദേശി ഫിറോസ് മൗല ഷെയ്ക്ക് (28), ഗുജറാത്ത് സൂറത്ത് സ്വദേശി ഷെയ്ക്ക് ആദിൽ ബിൻ ജുബൈർ (23), ഗുജറാതത് ബറൂച്ച് സ്വദേശി സെയ്ദ് മഹ്ഫൂസ് അലി (21), മൈസൂരു സ്വദേശിയും കെമിക്കൽ ഡിപ്ലോമ ബിരുദധാരിയുമായ അജ്മൽ ശരീഫ് (45) എന്നിവരാണ് അറസ്റ്റിലായത്.
വാഹന ഗാരേജിന്റെ മറവിലാണ് ലഹരി നിർമാണം നടന്നിരുന്നത്. പ്രതികളിൽനിന്ന് 13 കിലോ എം.ഡി.എം.എയും നിർമാണം അവസാന ഘട്ടത്തിലായ 50 കിലോ മയക്കുമരുന്നും പിടിച്ചെടുത്തിരുന്നു. കുംബരകൊപ്പാൽ സ്വദേശി മഹേഷ് എന്നയാളുടേതാണ് ഗാരേജ് നിന്നിരുന്ന സ്ഥലം. മൈസൂരു സ്വദേശിയായ അജ്മൽ ഇത് 20,000 രൂപ വാടകക്കെടുത്ത് ഇവിടെ കാർഷെഡ് നിർമിച്ചു.
മുൻവശത്ത് കാർ ഗാരേജ് പ്രവർത്തിപ്പിക്കുകയും ഗാരേജിന്റെ പിൻവശം പ്രതിമാസം രണ്ടു ലക്ഷം രൂപ വാടക നിരക്കിൽ മുംബൈ സ്വദേശിയായ റിയാൻ എന്നയാൾക്ക് കൈമാറുകയുമായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ മഹാരാഷ്ട്ര പൊലീസ് മുംബെയിൽ നടത്തിയ റെയ്ഡിൽ ഏഴുപേർ പിടിയിലായിരുന്നു. ഇവരിൽനിന്നാണ് മൈസൂരുവിലെ നിർമാണ കേന്ദ്രം സംബന്ധിച്ച സൂചന ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

