മൗലാന ഷാഫി സഅദി കർണാടക വഖഫ് കൗൺസിൽ വൈസ് പ്രസിഡന്റ്
text_fieldsബംഗളൂരു: കർണാടക വഖഫ് ബോർഡ് മുൻ ചെയർമാൻ മൗലാന എൻ.കെ.എം. ഷാഫി സഅദിയെ കർണാടക വഖഫ് കൗൺസിൽ വൈസ് പ്രസിഡന്റായി കോൺഗ്രസ് സർക്കാർ നിയമിച്ച് ഉത്തരവായി. വഖഫ് മന്ത്രി ബി.ഇസെഡ്. സമീർ അഹമ്മദ് ഖാൻ ചെയർമാനായ വഖഫ് കൗൺസിലിന്റെ പ്രധാന ചുമതല വഖഫ് ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുക എന്നതാണ്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശ പ്രകാരം ധനകാര്യ വകുപ്പിന്റെ അനുമതിയോടെ വഖഫ് കൗൺസിലിൽ വൈസ് പ്രസിഡന്റ് എന്ന പുതിയ പദവി സൃഷ്ടിച്ചാണ് നിയമനം. വെള്ളിയാഴ്ച മന്ത്രി സമീർ അഹമ്മദ്ഖാൻ, കർണാടക മിൽക് ഫെഡറേഷൻ പ്രസിഡന്റ് ഭീമനായിക് എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയിൽനിന്ന് ഷാഫി സഅദി നിയമന ഉത്തരവ് ഏറ്റുവാങ്ങി.
കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്ത് കർണാടക വഖഫ് ബോർഡ് അധ്യക്ഷനായ ഷാഫി സഅദി എ.പി സുന്നി വിഭാഗം നേതാവാണ്. അന്ന് വഖഫ് ബോർഡ് തെരഞ്ഞെടുപ്പിൽ ഷാഫി സഅദിയുടെ വിജയം ബി.ജെ.പിയുടെ വിജയമായി അന്നത്തെ മുസ്റായി- വഖഫ് മന്ത്രി ശശികല ജോലെ ചൂണ്ടിക്കാട്ടുകയും അദ്ദേഹത്തിന് സ്വീകരണം നൽകുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. 2023ൽ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റതിന് പിന്നാലെ, കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്തുണ്ടായിരുന്ന എല്ലാ നാമനിർദേശ നിയമനങ്ങളും റദ്ദാക്കിയ കൂട്ടത്തിൽ വഖഫ് ബോർഡിലെ നിയമനങ്ങളും റദ്ദാക്കി.
വഖഫ് ബോർഡിലെ നാലംഗ അംഗങ്ങളുടെ നിയമനങ്ങൾ റദ്ദാക്കിയ ഉത്തരവ് പിന്നീട് പിൻവലിച്ചു. കാലാവധി പൂർത്തിയായത് ചൂണ്ടിക്കാട്ടി 2023 ജൂലൈയിൽ ഷാഫി സഅദി രാജിവെച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ വഖഫ് ബോർഡ് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും ഷാഫി സഅദിയുടെ പേര് പരിഗണിക്കപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കളായ സമീർ അഹമ്മദ് ഖാൻ, യു.ടി. ഖാദർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്ന ഷാഫി സഅദിയുടെ പേരാണ് കർണാടകയിലെ കോൺഗ്രസ് നേതാക്കൾ അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നത്.
എന്നാൽ, കോൺഗ്രസ് ദേശീയ നേതൃത്വം ഇതിന് അനുമതി നൽകിയില്ല. മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ സയ്യിദ് മുഹമ്മദലി അൽ ഹുസൈനിയാണ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഷാഫി സഅദിക്ക് പ്രധാനപ്പെട്ട മറ്റൊരു പദവി നൽകുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം ഉറപ്പു നൽകിയിരുന്നു. ഇതാണ് ഇപ്പോൾ കർണാടക സംസ്ഥാന വഖഫ് കൗൺസിൽ (പരിഷത്ത്) ഉപാധ്യക്ഷനായി നിയമിച്ച് ഉത്തരവിറക്കിയത്.
വഖഫ് ബോർഡിന് കീഴിലെ വായ്പ- വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയാണ് വഖഫ് കൗൺസിലിന്റെ പ്രധാന ചുമതലകളിലൊന്ന്. പള്ളികളുടെയും ദർഗകളുടെയും വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത മറ്റു വസ്തുക്കളുടെയും വികസനത്തിന് റിവോൾവിങ് ഫണ്ടായി സർക്കാർ ഗ്രാന്റ് നൽകുക, അനുവദിച്ച ഫണ്ടുകൾ യഥാവിധം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധനക്ക് വിധേയമാക്കുക തുടങ്ങിയവ വഖഫ് കൗൺസിലിന്റെ ഉത്തരവാദിത്തമാണ്. കർണാടക വഖഫ് കൗൺസിലിൽ ചെയർമാൻ, വൈസ് ചെയർമാൻ, ഏഴ് അംഗങ്ങൾ എന്നിവരടക്കം ഒമ്പതംഗ ഭരണസമിതിയാണ് നിലവിലുള്ളത്.
എന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദി -ഷാഫി സഅദി
ബംഗളൂരു: തന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദി പ്രകടിപ്പിച്ച് കർണാടക വഖഫ് കൗൺസിൽ വൈസ് പ്രസിഡന്റ് മൗലാന എൻ.കെ. ഷാഫി സഅദി. ‘വഖഫ് കൗൺസിൽ വൈസ് പ്രസിഡന്റ് ചുമതലയേൽക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ മന്ത്രി സമീർ അഹമ്മദ് ഖാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു.
വ്യക്തിപരമായ കാരണങ്ങളാൽ അത് നീണ്ടുപോവുകയായിരുന്നു. ഇപ്പോൾ പുതിയ പോസ്റ്റിന് ധനകാര്യ വകുപ്പിന്റെയും ഗവർണറുടെയും അനുമതിയായി. വഖഫ് കൗൺസിലിന്റെ സാധ്യതക്കകത്തുനിന്ന് സമുദായത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി ആത്മാർഥമായി പ്രവർത്തിക്കും- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

