‘മാതൃകാ അയൽപക്കം, മാതൃകാ സമൂഹം’ കാമ്പയിൻ
text_fieldsബംഗളൂരു: ജമാഅത്തെ ഇസ്‍ലാമി ഹിന്ദിന്‍റെ ആഭിമുഖ്യത്തില്‍ 21 മുതൽ 30 വരെ ‘മാതൃകാ അയൽപക്കം, മാതൃകാ സമൂഹം’ എന്ന പേരിൽ രാജ്യവ്യാപകമായി കാമ്പയിൻ തുടങ്ങി. പരസ്പര പരിചരണം, സഹകരണം, അച്ചടക്കം, ശുചിത്വം, മറ്റു സാമൂഹിക ഉത്തരവാദിത്തങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക, അയൽക്കാർക്കിടയിലുള്ള വിടവുകൾ നികത്തുക, സാഹോദര്യവും ഐക്യവും വളർത്തുക, കാൽനടയാത്രക്കാർ, സഹപ്രവർത്തകർ, സഹയാത്രികർ എന്നിവരുടെ അവകാശങ്ങൾ, റോഡ് നിയമങ്ങൾ, ഗതാഗത അച്ചടക്കം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യം.
പ്രഭാഷണങ്ങൾ, അയൽപക്ക യോഗങ്ങൾ, ലഘുലേഖ വിതരണം, കുടുംബ സന്ദർശനങ്ങൾ, വെള്ളിയാഴ്ച പ്രഭാഷണങ്ങൾ, സാംസ്കാരിക പരിപാടികൾ, ഗതാഗത ബോധവത്കരണ പരിപാടികൾ, വിദ്യാർഥികളുടെയും യുവാക്കളുടെയും റാലികൾ എന്നിവ സംഘടിപ്പിക്കും. മനുഷ്യർ സാമൂഹിക ജീവികളാണ്. മറ്റു ജീവജാലങ്ങളിൽനിന്ന് നമ്മെ യഥാർഥത്തിൽ വ്യത്യസ്തരാക്കുന്നത് നമ്മുടെ ആഴത്തിലുള്ള സാമൂഹിക ബോധവും പരസ്പര ബന്ധവുമാണ്.
അയല്‍ക്കാര്‍ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവര്‍ ആണെങ്കിലോ വ്യത്യസ്ത ജാതിയിലോ മതത്തിലോപെട്ടവര്‍ ആണെങ്കില്‍ പോലും അവര്‍ തമ്മില്‍ സാമൂഹിക ഐക്യവും സഹകരണവും വേണം.അയൽക്കാർ പരസ്പരം കോപവും വെറുപ്പും വളർത്തിയാൽ സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ സാധിക്കില്ല. അടുത്ത കാലത്തായി നഗരങ്ങളിൽ സ്വകാര്യതക്കും വ്യക്തിത്വത്തിനും അമിത പ്രാധാന്യം നൽകുന്നു. ഇത് അയല്‍പക്ക ബന്ധങ്ങളെയും ബാധിക്കുന്നു.
ഈ വിഷയത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ് എന്ന് സംഘാടകര്‍ പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് സംസ്ഥാന പ്രസിഡൻറ് ഡോ. മുഹമ്മദ് സാദ് ബെലഗാമി, സംസ്ഥാന സെക്രട്ടറിയും കാമ്പയിൻ കണ്‍വീനറുമായ മൗലാന അബ്ദുൽ ഗഫാർ ഹമീദ് ഉമരി, സംസ്ഥാന സെക്രട്ടറിമാരായ മൗലാന വഹീദുദ്ദീൻ ഖാൻ ഉമരി മദനി, ജനാബ് മുഹമ്മദ് ബിലാൽ, മൗലാന ലബീദ് ശാഫി, തഷ്കീല ഖനം എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

