ബംഗളൂരുവിൽ വൻ ഫലസ്തീൻ ഐക്യദാർഢ്യ റാലി
text_fieldsഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന ക്രൂരതക്കെതിരെ ബംഗളൂരു എം.ജി റോഡിൽ നടന്ന പ്രതിഷേധത്തിൽനിന്ന്
ബംഗളൂരു: ഇസ്രായേൽ ആക്രമണത്തിനെതിരെ ഫലസ്തീന് പിന്തുണയുമായി ബംഗളൂരുവിൽ കൂറ്റൻ ഐക്യദാർഢ്യ റാലി. ഏറെയും യുവാക്കളാണ് എം.ജി റോഡിലും പരിസരത്തും നടന്ന പരിപാടിയിൽ പങ്കെടുത്തത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് മെട്രോ സ്റ്റേഷനടുത്തുനിന്ന് പരിപാടി തുടങ്ങിയത്.
ബഹുത്വ കർണാടക, ആൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂനിയൻസ് (എ.ഐ.സി.സി.ടി.യു) പ്രവർത്തകരും നേതാക്കളുമാണ് ആദ്യം എത്തിയത്. ഇവരിൽ ചിലരെ പൊലീസ് മുൻകരുതൽ നടപടികളുടെ ഭാഗമായി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതേസമയം, ബ്രിഗേഡ് റോഡിൽ നൂറുകണക്കിന് യുവാക്കൾ ഫലസ്തീൻ ഐക്യദാർഢ്യ പ്ലക്കാഡുകളുമേന്തി തടിച്ചുകൂടിയിരുന്നു.
സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. നൂറുകണക്കിനാളുകൾ റോഡിലൂടെ റാലിയായി നീങ്ങി. ചിലർ ഫലസ്തീൻ പതാകകളും കൈയിലേന്തി. ചിലർ പതാകയുടെ സ്റ്റിക്കറുകൾ മുഖത്തും നെറ്റിയിലും പതിച്ചിരുന്നു. 75 വർഷമായി മുസ്ലിംകളെയും ക്രിസ്ത്യാനികളെയും അടിച്ചമർത്തുന്നതിനെതിരെ ഞങ്ങൾ പ്രതിഷേധിക്കുന്നുവെന്ന് ഒരാൾ പറഞ്ഞു.
മുഖ്യധാരാ മാധ്യങ്ങൾ പ്രചരിപ്പിക്കുന്ന നുണകൾക്കെതിരെയും ഇസ്രായേൽ നടത്തുന്ന ക്രൂരതകൾ നാടിനെ അറിയിക്കാനുമാണ് പ്രതിഷേധമെന്നും മറ്റൊരാൾ പറഞ്ഞു. ഇരുഭാഗത്തും നിരപരാധികളായ ജനങ്ങളാണ് കൊല്ലപ്പെടുന്നതെന്നും അക്രമം ഉടൻ അവസാനിപ്പിക്കണമെന്നും പ്രകടനത്തിൽ പങ്കെടുത്ത യുവതി പറഞ്ഞു.
‘വംശഹത്യ നിർത്തുക’, ‘ഗസ്സ- ഞങ്ങൾ നിങ്ങളോടൊപ്പം’ തുടങ്ങിയ വാചകങ്ങൾ അടങ്ങിയ പ്ലക്കാഡുകളും വിദ്യാർഥികളടങ്ങിയ പ്രതിഷേധക്കാരുടെ കൈയിലുണ്ടായിരുന്നു. അതേസമയം, പരിപാടിക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ആറുപേരെ അശോക് നഗർ പൊലീസും 11 പേരെ കബ്ബൺ പാർക്ക് പൊലീസും കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
അതേസമയം, കബ്ബൺ പാർക്കിൽ പ്രതിഷേധ പരിപാടി നടത്താൻ പൊലീസിനോട് അനുമതി ചോദിച്ചുവെങ്കിലും ഫലസ്തീൻ അനുകൂലമായതിനാൽ സാധിക്കില്ലെന്നായിരുന്നു പൊലീസ് പറഞ്ഞതെന്ന് സമരക്കാർ പറഞ്ഞു. 25 പേർ പങ്കെടുക്കുന്ന പരിപാടി നഗരത്തിൽ നടത്താൻ അനുമതി ചോദിച്ചുവെങ്കിലും ഇതേ കാരണം പറഞ്ഞ് നിഷേധിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

