ബംഗളൂരു കിദ്വായ് ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ അഴിമതിയും ക്രമക്കേടും
text_fieldsഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് കവാടം
ബംഗളൂരു: കർണാടക സർക്കാറിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ഡയറക്ടർ പദവിയിൽനിന്ന് ഡോ. വി. ലോകേഷിനെ ഉടൻ പ്രാബല്യത്തോടെ നീക്കി. സർജിക്കൽ ഓങ്കോളജി വിഭാഗം തലവൻ ഡോ. സെയ്ദ് അൽത്താഫിന് പകരം ചുമതല നൽകി. സ്ഥാപനത്തിൽ കോടികളുടെ അഴിമതിയും ക്രമക്കേടുകളും നടന്നതായി സർക്കാർ നിയോഗിച്ച മൂന്നംഗ ഉന്നതതല സമിതി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ആരോഗ്യ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് മുഹ്സിന്റെ നടപടി.
ഡോ. വി. ലോകേഷ്
കുറഞ്ഞ ചെലവിൽ പരിശോധനയും ചികിത്സയും ലഭിച്ചുവരുന്നതിനാൽ ഈ സ്ഥാപനം അർബുദ രോഗികളുടെ അഭയ ആതുരാലയമാണ്. എന്നാൽ, പരിശോധനകൾക്ക് വലിയ ഫീസും മരുന്നുകൾ ലഭ്യമല്ലാത്ത അവസ്ഥയും കാരണം പാവപ്പെട്ട രോഗികളും ബന്ധുക്കളും ഏറെ വിഷമിക്കുന്ന സ്ഥിതിയാണുള്ളത്.
ഈ അവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫിസിൽ ലഭിച്ച കത്തുകൾ അടിസ്ഥാനമാക്കി സർക്കാർ നിയോഗിച്ച സമിതി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. ട്രഷറി കമീഷണർ ഡോ. അരുന്ധതി ചന്ദ്രശേഖർ ചെയർമാനായ സമിതിയിൽ സഹകരണ സംഘം അഡീഷനൽ രജിസ്ട്രാർ ഗുരുസ്വാമി, ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് അഡീഷനൽ രജിസ്ട്രാർ ഗുരുസ്വാമി എന്നിവരാണ് അംഗങ്ങൾ.
യഥാർഥ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ വ്യത്യാസമുള്ള കോടികളുടെ ഉപകരണങ്ങൾ വാങ്ങിയതായി സമിതി കണ്ടെത്തി. ഇവയുടെ ഗുണനിലവാരമില്ലായ്മ കൂടി സമിതിയുടെ റിപ്പോർട്ടിൽ എടുത്തു പറഞ്ഞു. ടെൻഡറുകൾ സുതാര്യമാവണമെന്ന സർക്കാർ നയവും ചട്ടവും കാറ്റിൽ പറത്തിയാണ് വാങ്ങലുകൾ നടന്നത്. ജീവനക്കാരിൽ പലരും രേഖാമൂലം അവധിയെടുക്കാതെ ഡ്യൂട്ടി സമയങ്ങളിൽപോലും സ്വകാര്യ സ്ഥാപനങ്ങളിൽ പ്രതിഫലത്തോടെ പ്രവർത്തിച്ചു.
ഇതുകാരണം വലിയ പ്രതീക്ഷയോടെ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്ന രോഗികൾക്ക് മതിയായ പരിഗണന ലഭിക്കാത്ത സ്ഥിതി വന്നു. വിപണി വിലയേക്കാൾ 40-60 ശതമാനം കുറവിൽ പ്രതിരോധ മരുന്നുകളും സാധാരണ മരുന്നുകൾ പാവപ്പെട്ട രോഗികൾക്ക് സൗജന്യമായും ലഭിക്കും എന്നതാണ് ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സവിശേഷത.
എന്നാൽ, മരുന്നുകൾ കിട്ടാൻതന്നെയില്ലെന്നതാണ് അവസ്ഥ. ഡയറക്ടറുടെ ചുമതലയിൽനിന്ന് നീക്കിയെങ്കിലും ലോകേഷിനെതിരെ മറ്റു നടപടികളിലേക്ക് സർക്കാർ കടന്നിട്ടില്ല. റേഡിയേഷൻ ഓങ്കോളജി വിഭാഗം പ്രഫസറായി സേവനം തുടരുന്നതിന് നിലവിൽ തടസ്സമില്ല. അടുത്ത ഗവേണിങ് കൗൺസിൽ യോഗമാണ് അനന്തര നടപടികൾ സ്വീകരിക്കുക.
ബംഗളൂരുവിൽ 1973ൽ തുടങ്ങിയ സ്ഥാപനത്തിന് 1980ൽ മേഖല അർബുദ ഗവേഷണ-ചികിത്സ സ്ഥാപന പദവി ലഭിച്ചിരുന്നു. സ്വയംഭരണ അധികാരത്തോടെ കേന്ദ്ര, സംസ്ഥാന സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

