മാർക്ക് ലിസ്റ്റ് കളഞ്ഞുപോയി, പകരം കിട്ടിയത് 40 വർഷത്തെ സർക്കാർ ജോലി; കർണാടകയിലെ വിചിത്രമായ ആൾമാറാട്ടം പുറത്ത്
text_fieldsബംഗളൂരു: കളഞ്ഞുപോയ ഒരു മാർക്ക് ലിസ്റ്റ് ഒരാൾക്ക് ശാപമായപ്പോൾ മറ്റൊരാൾക്ക് അത് നേടിക്കൊടുത്തത് 40 വർഷത്തെ സർക്കാർ ജോലി. കർണാടക ഇലക്ട്രിസിറ്റി ബോർഡിലാണ് (കെ.ഇ.ബി) പതിറ്റാണ്ടുകൾ നീണ്ടുനിന്ന വിചിത്രമായ ആൾമാറാട്ട കഥ പുറത്തുവന്നത്. സംഭവത്തിൽ തട്ടിപ്പ് നടത്തിയ ആളെയും പണം വാങ്ങി വിവരം ഒളിപ്പിച്ചുവെച്ച യഥാർഥ മാർക്ക് ലിസ്റ്റ് ഉടമയെയും പൊലീസ് പ്രതിചേർത്തു.
മണ്ഡ്യ സ്വദേശിയായ എം. രാച്ചയ്യ 1982ൽ ശിവമോഗയിലെ കെ.ഇ.ബി ഓഫിസിൽ ലൈൻമാൻ തസ്തികയിലേക്ക് അഭിമുഖത്തിന് പോയിരുന്നു. എന്നാൽ, അന്ന് അഭിമുഖം റദ്ദാക്കി. നിരാശനായി മടങ്ങിയ രാച്ചയ്യ തന്റെ ഏഴാം ക്ലാസിലെ മാർക്ക് ലിസ്റ്റ് അവിടെ മറന്നുവെച്ചു. ഇത് അവിടെയുണ്ടായിരുന്ന ബോമ്മെഗൗഡ എന്നയാൾക്ക് ലഭിച്ചു. ഈ രേഖകൾ ഉപയോഗിച്ച് രാച്ചയ്യ എന്ന പേരിൽ ബോമ്മെഗൗഡ ജോലിക്ക് അപേക്ഷിക്കുകയും 1992ൽ ജോലി സ്ഥിരപ്പെടുത്തുകയും ചെയ്തു.
വർഷങ്ങളോളം രാച്ചയ്യ എന്ന പേരിൽ ജോലി ചെയ്ത ബോമ്മെഗൗഡ, 2003ൽ കോടതിയിൽ സത്യവാങ്മൂലം നൽകി ഔദ്യോഗിക രേഖകളിൽ പേര് ബോമ്മെഗൗഡ എന്ന് തന്നെയാക്കി മാറ്റി. 2019ലാണ് തട്ടിപ്പിനെക്കുറിച്ച് യഥാർഥ രാച്ചയ്യ അറിയുന്നത്. എന്നാൽ, പൊലീസിൽ പരാതിപ്പെടുന്നതിന് പകരം ഇരുവരും നാട്ടിലെ മുതിർന്നവരുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പിലെത്തി. നിയമനടപടി ഒഴിവാക്കാൻ വർഷം തോറും 2 മുതൽ 3 ലക്ഷം രൂപ വരെ രാച്ചയ്യയ്ക്ക് നൽകാമെന്ന് ബോമ്മെഗൗഡ സമ്മതിച്ചു. 2022ൽ വിരമിച്ചപ്പോൾ ലഭിച്ച 10 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയും ബോമ്മെഗൗഡ രാച്ചയ്യയ്ക്ക് നൽകി.
ബോമ്മെഗൗഡയ്ക്ക് ലഭിക്കുന്ന 65,224 രൂപ പെൻഷന്റെ പകുതി വേണമെന്ന് രാച്ചയ്യ ആവശ്യപ്പെട്ടതോടെയാണ് തർക്കം ഉടലെടുത്തത്. ബോമ്മെഗൗഡ ഇതിന് തയാറാകാത്തതിനെത്തുടർന്ന് രാച്ചയ്യ ബെസ്കോം വിജിലൻസിനെ സമീപിച്ചു. വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് 40 വർഷത്തെ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
ആൾമാറാട്ടം നടത്തിയ ബോമ്മെഗൗഡ, പണം വാങ്ങി വിവരം ഒളിപ്പിച്ചുവെച്ച രാച്ചയ്യ, ഇവർക്കിടയിൽ ഒത്തുതീർപ്പിന് മധ്യസ്ഥത വഹിച്ച വിരമിച്ച എൻജിനീയർ സുഭാഷ് എന്നിവർക്കെതിരെ രാജാജിനഗർ പൊലീസ് കേസെടുത്തു. കബളിപ്പിക്കൽ, ആൾമാറാട്ടം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

