മംഗളൂരു-ഉഡുപ്പി സമുദ്ര ഗതാഗത പദ്ധതിയുമായി മാരിടൈം ബോർഡ്
text_fieldsമംഗളൂരു: തീര ജില്ലകളുടെ വികസനത്തിൽ വലിയ പ്രോത്സാഹനമായി കർണാടക മാരിടൈം ബോർഡ് (കെ.എം.ബി) മംഗളൂരുവിനെ ഉഡുപ്പി ജില്ലയിലെ മറവാന്തെയുമായി ബന്ധിപ്പിക്കുന്ന സമർപ്പിത തീരദേശ യാത്രാ ഫെറി സർവിസ് നിർദേശിച്ചു. മംഗളൂരുവിൽനിന്ന് കുന്താപുരം താലൂക്കിലെ മറവാന്തെ വരെ ഏകദേശം 110 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട ഫെറി ഇടനാഴി തിരക്കേറിയ ദേശീയ പാത 66ന് ബദലായാണ് വിഭാവന ചെയ്യുന്നത്.
പഴയ മംഗളൂരു തുറമുഖം, ഹെജ്മാഡി, മാൽപെ, കോട്ട, മറവാന്തെ എന്നിവിടങ്ങളിൽ ഫെറി സർവിസിന് അഞ്ച് സ്റ്റോപ്പുകൾ ഉണ്ടാവും. 37.8 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിൽ നടപ്പാക്കും. തെരഞ്ഞെടുത്ത ഓപറേറ്റർക്ക് 20 വർഷത്തെ ഇളവ് കാലയളവ് ലഭിക്കും. കർണാടകയിലെ ഏറ്റവും പ്രശസ്തമായ ബീച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മറവാന്തെ ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിലും പ്രത്യേകമായി നിർമിച്ച ജെട്ടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കർണാടക ടൂറിസം വകുപ്പ് സംഘടിപ്പിച്ച കോസ്റ്റൽ കർണാടക ടൂറിസം കോൺക്ലേവിൽ മറ്റു സമുദ്ര ടൂറിസം സംരംഭങ്ങൾക്കൊപ്പം നിർദിഷ്ട ഫെറി സർവിസിന്റെ വിശദാംശങ്ങളും കെ.എം.ബി ഉദ്യോഗസ്ഥർ അവതരിപ്പിച്ചു.
180 കോടി രൂപയുടെ നിക്ഷേപത്തോടെ മംഗളൂരു നഗരത്തിലും പരിസരത്തുമായി വാട്ടർ മെട്രോ പദ്ധതികളും കെ.എം.ബി പുറത്തിറക്കി. മംഗളൂരു സിറ്റി കോർപറേഷൻ പരിധിയിലെ പ്രധാന ജലപാതകളെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള മലവൂർ പാലത്തെ ജെപ്പിനമോഗരു പാലവുമായി ബന്ധിപ്പിക്കുന്നതും ഗുരുപൂർ, നേത്രാവതി നദികൾ വഴിയും പഴയ മംഗളൂരു തുറമുഖം വഴിയും ബന്ധിപ്പിക്കുന്നതും നിർദിഷ്ട വാട്ടർ മെട്രോ ശൃംഖലയിൽ ഉൾപ്പെടും. ഫെറി സർവിസുകളെ സിറ്റി ബസുകളുമായും മറ്റു പൊതുഗതാഗത സംവിധാനങ്ങളുമായും സംയോജിപ്പിച്ച് സുഗമവും ബഹുമുഖവുമായ നഗര ഗതാഗത സംവിധാനം വികസിപ്പിക്കുക എന്നതാണ് വാട്ടർ മെട്രോ പദ്ധതി ലക്ഷ്യമിടുന്നത്.
ഗുർപുർ, നേത്രാവതി നദികളുടെ സാന്നിധ്യം മംഗളൂരുവിന് പി.പി.പി അധിഷ്ഠിത വാട്ടർ മെട്രോക്ക് ശക്തമായ സാധ്യതകൾ നൽകുന്നുണ്ടെന്ന് കെ.എം.ബി ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. റോഡ് ശൃംഖലകളിലെ സമ്മർദം ലഘൂകരിക്കുന്നതിനൊപ്പം നഗര ഗതാഗതത്തിന് ചെലവ് കുറഞ്ഞതും സുസ്ഥിരവും കാര്യക്ഷമവുമായ പരിഹാരവും ഇത് വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

