ഉത്തര കന്നടയിൽ സമുദ്ര സംരക്ഷിത മേഖല പദ്ധതി
text_fieldsമംഗളൂരു: പ്രകൃതി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര യൂനിയൻ പട്ടികയിൽ പെടുത്തിയ വംശനാശഭീഷണി നേരിടുന്ന 11 ജീവികളെ സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന സംസ്ഥാനത്ത് ആദ്യത്തെ സമുദ്ര സംരക്ഷിത മേഖലയായ അപ്സരകൊണ്ട -മുഗളി സമുദ്ര വന്യജീവി സങ്കേതം യാഥാർഥ്യത്തിലേക്ക്. ഈ പദ്ധതിക്ക് ഉടൻ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചേക്കും.
കരയിൽ 838.2 ഹെക്ടറും കടലിൽ 5,124.3 ഹെക്ടറും വ്യാപിച്ചുകിടക്കുന്ന ഈ വന്യജീവി സങ്കേതം ഉത്തര കന്നടയിലെ ഹൊന്നാവറിൽനിന്ന് അറബിക്കടലിൽ ആറ് കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കും. കടൽ വെള്ളരി, ഒലിവ്-റിഡ്ലി ആമ, പവിഴപ്പുറ്റ്, ദേശാടന സ്രാവ്, പുള്ളി കടൽക്കുതിര, റേ, ട്രെവല്ലി, ഗ്രൂപ്പുകൾ, മുള്ളറ്റുകൾ, റെഡ് സ്നാപ്പറുകൾ, ക്രോക്കറുകൾ തുടങ്ങിയ ജീവജാലങ്ങൾക്ക് ഇത് ഒരു സങ്കേതമാകും. ഇവയെല്ലാം വന്യജീവി സംരക്ഷണ നിയമപ്രകാരം മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി തരംതിരിച്ചവയാണ്.
കർണാടകയുടെ വിശാലമായ തീരപ്രദേശവും സമ്പന്നമായ ജൈവവൈവിധ്യവും ഉണ്ടായിട്ടും സമുദ്ര സംരക്ഷിത പ്രദേശങ്ങൾ മൊത്തം സംരക്ഷിത പ്രദേശത്തിന്റെ നാല് ശതമാനം മാത്രമാണെന്നും രാജ്യത്തിന്റെ ഭൂഖണ്ഡാന്തര വിസ്തൃതിയുടെ 1.3 ശതമാനം മാത്രമാണെന്നുമുള്ള ആശങ്കകളിൽ നിന്നാണ് സംരക്ഷിത സമുദ്ര മേഖലയുടെ ആവശ്യകത ഉയർന്നുവന്നത്. തെക്ക് മുഗളി മുതൽ വടക്ക് കാസർകോട് വരെ 8.2 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ വന്യജീവി സങ്കേതം. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ-ഒന്ന് പ്രകാരം സംരക്ഷിക്കപ്പെടുന്ന ഒലിവ്-റിഡ്ലി കടലാമകളുടെ പ്രധാന കൂടുകെട്ടൽ കേന്ദ്രമാണ് കാസർകോടിന്റെ മണൽ നിറഞ്ഞ കടൽത്തീരങ്ങൾ.
കരയിൽനിന്ന് മികച്ച നിരീക്ഷണം സാധ്യമാക്കുന്നതിനും സമുദ്ര ജൈവവൈവിധ്യത്തിന്റെ ഫലപ്രദമായ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി കരയിൽനിന്ന് ആറ് കിലോമീറ്റർ അകലെയായി സമുദ്ര അതിർത്തി നിശ്ചയിച്ചു. കഴിഞ്ഞ ബി.ജെ.പി സർക്കാറാണ് സമുദ്ര സംരക്ഷിത മേഖല പദ്ധതി നിർദേശിച്ചത്. സംസ്ഥാന വന്യജീവി ബോർഡിൽനിന്ന് ഇതിനകം അനുമതികൾ ലഭിച്ചിരുന്നു. എന്നാൽ, ഒരിക്കലും മന്ത്രിസഭയിൽ പദ്ധതി അവതരിപ്പിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

