മാവോവാദി രവീന്ദ്രയും കീഴടങ്ങുന്നു
text_fieldsമംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ ശൃംഗേരി താലൂക്കിലെ കിഗ്ഗക്ക് സമീപം സജീവമായിരുന്ന മാവോവാദി രവീന്ദ്ര സർക്കാറിന് കീഴടങ്ങാൻ ഒരുങ്ങുന്നതായി അറിയുന്നു. കുറച്ചുകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന രവീന്ദ്ര സിറ്റിസൺസ് ഫോർ പീസ് ഫോറം അംഗങ്ങളെ സമീപിച്ചു. അടുത്ത ആഴ്ചക്കുള്ളിൽ ഔദ്യോഗികമായി കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം എട്ടിന് ബംഗളൂരുവിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആറ് മാവോവാദികൾ ആയുധം ഉപേക്ഷിച്ച് കീഴടങ്ങിയിരുന്നു.
ആ ദൗത്യത്തിന്റെ മുന്നോടിയായി രവീന്ദ്ര കേരളത്തിലേക്കോ തമിഴ്നാട്ടിലേക്കോ മാറിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. സിറ്റിസൺസ് ഫോർ പീസ് ഫോറം, നക്സൽ റീഹാബിലിറ്റേഷൻ കമ്മിറ്റി എന്നിവരുമായി രവീന്ദ്ര സമ്പർക്കം പുലർത്തിയിരുന്നില്ല. എന്നാൽ, ഇപ്പോൾ അദ്ദേഹം ബന്ധം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കീഴടങ്ങൽ നടപടികൾ പുരോഗമിക്കുകയാണ്.

