മഞ്ജു കോളക്ക് കുത്തേറ്റു; അഞ്ചു പേർ അറസ്റ്റിൽ
text_fieldsമഞ്ജു കോള
മംഗളൂരു: പ്രമുഖ മത്സ്യത്തൊഴിലാളി നേതാവും സംഘ്പരിവാർ സഹയാത്രികനുമായ മഞ്ചുനാഥ് സാലിയൻ എന്ന മഞ്ജു കോളയെ ചൊവ്വാഴ്ച രാത്രി പത്തോടെ അക്രമികൾ കുത്തിപ്പരിക്കേൽപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പലിമാരു നിവാസികളായ അമൃത് ഭണ്ഡാരി (22), പ്രഗ്നേഷ് (22), പുനീത് പൂജാരി (24), കാർക്കള ഇന്ന നിവാസി അഭിജിത്ത് (20), പ്രായപൂർത്തിയാകാത്തയാൾ എന്നിവരാണ് അറസ്റ്റിലായത്.
മഞ്ജു അപകടനില തരണം ചെയ്യുന്നതായും അക്രമത്തിന് പിന്നിൽ രാഷ്ട്രീയ, സാമുദായിക കാരണങ്ങൾ ഇല്ലെന്നും ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു. ഹിന്ദു യുവസേനയിലും മറ്റ് സംഘ്പരിവാർ സംഘടനകളിലും അംഗമായ മഞ്ജു കോള, ഉഡുപ്പി സിറ്റി മുനിസിപ്പൽ കൗൺസിൽ (സി.എം.സി) മുൻ വൈസ് പ്രസിഡന്റ് ലക്ഷ്മി മഞ്ജു കോളയുടെ ഭർത്താവാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ: ചൊവ്വാഴ്ച രാത്രി പത്തോടെ പ്രതികൾ കത്തിയുമായി ബൊലേറോ വാഹനത്തിൽ ബ്ലൂ വേവ്സ് ഗസ്റ്റ് ഹൗസിന് സമീപം എത്തുകയും ബീച്ചിൽ ഉണ്ടായിരുന്ന സന്തോഷ് എ. അമിനും കൂട്ടാളികളായ മഞ്ജു കോള, ധനുഷ്, ലതീഷ്, വരുൺ എന്നിവരുമായി ഏറ്റുമുട്ടുകയുമായിരുന്നു. അമൃത് ഭണ്ഡാരിയുടെ സഹോദരിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. മാൽപെ പൊലീസ് സബ് ഇൻസ്പെക്ടർ ഈറന്ന ഷിരഗുമ്പിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

