മക്കൾ നഷ്ടപ്പെട്ട, കാലുകളില്ലാത്ത അശ്വിനി തെളിവെടുപ്പിനെത്തി...
text_fieldsഅശ്വിനി
മംഗളൂരു: നാലു മാസം മുമ്പ് മണ്ണിടിഞ്ഞ് കുടുംബത്തിലെ മൂന്നുപേരെ നഷ്ടപ്പെട്ട, ഇരുകാലുകളും മുറിച്ചുമാറ്റേണ്ടിവന്ന വീട്ടമ്മയോട് സ്ഥലത്തെത്തി സംഭവം വിശദീകരിക്കണമെന്ന് അധികൃതർ. അശ്വിനിയെ താങ്ങിയെടുത്ത് ദുരന്തസ്ഥലത്തെത്തിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ എത്തിയില്ല. കാത്തിരുന്ന് അശ്വിനി മടങ്ങി.
മഞ്ചനാടി ഗ്രാമത്തിൽ കഴിഞ്ഞ മേയ് 30നുണ്ടായ കുന്നിടിച്ചിലിലാണ് രണ്ട് കുരുന്നു മക്കളെയും ഭർതൃമാതാവിനെയും വീടും നഷ്ടപ്പെട്ടത്. സ്വന്തം കാലുകൾ മുറിച്ചുമാറ്റേണ്ടിയുംവന്നു. അശ്വിനിയുടെ മക്കൾ ആര്യൻ (മൂന്ന്), ആയുഷ് (രണ്ട്), ഭർതൃമാതാവ് പ്രേമ (50) എന്നിവരാണ് മരിച്ചത്. ഭർതൃപിതാവ് കാന്തപ്പ പൂജാരിക്ക് കാൽ നഷ്ടമായി. 70 അടി ഉയരമുള്ള കുന്നിന്റെ ഭാഗം ഇടിഞ്ഞുവീണ് അശ്വിനിയുടെ വീട് മണ്ണിനടിയിലായി.
കർണാടക ചീഫ് സെക്രട്ടറിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും അശ്വിനി നൽകിയ പരാതിയെത്തുടർന്നാണ് ദക്ഷിണ കന്നട ജില്ല ഭരണകൂടം അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന് നേതൃത്വം നൽകാൻ സംസ്ഥാന ജലസേചന വകുപ്പിൽനിന്നുള്ള എക്സിക്യൂട്ടിവ് എൻജിനീയറെ നിയമിച്ചു. അദ്ദേഹമാണ് ചൊവ്വാഴ്ച വാട്സ്ആപ് വഴി, കുന്നിടിഞ്ഞത് എങ്ങനെ എന്ന് സംഭവസ്ഥലത്ത് എത്തി വിശദീകരണം നൽകാൻ അശ്വിനിക്ക് നിർദേശം നൽകിയത്. ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് ഹാജരായി മൊഴി നൽകണമെന്നായിരുന്നു നോട്ടീസ്. ഹരേകലിലെ മാതാവിന്റെ വീട്ടിൽനിന്ന് അശ്വിനിയെ താങ്ങിയെടുത്ത് ദുരന്തസ്ഥലത്തേക്ക് കൊണ്ടുവന്നപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ എത്തിയില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ വരാനാകില്ലെന്നായിരുന്നു. മറുപടി. തുടർന്ന് കാൾ വിച്ഛേദിച്ചതായും അശ്വിനി പറഞ്ഞു.
സെപ്റ്റംബർ 30ന് കർണാടക സംസ്ഥാന മനുഷ്യാവകാശ കമീഷൻ സമഗ്ര അന്വേഷണം നടത്തി നവംബർ 17നകം റിപ്പോർട്ട് സമർപ്പിക്കാൻ മംഗളൂരു പൊലീസ് കമീഷണർക്ക് നിർദേശം നൽകിയിരുന്നു. പട്ടികവർഗ ക്ഷേമ വകുപ്പ് 20 ലക്ഷം രൂപ ചെലവിൽ അനുവദിച്ച എസ്.ടി കോളനി വികസന പദ്ധതിയുടെ കീഴിലുള്ള സി.സി റോഡ് നിർമാണമാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
കെ.ആർ.ഡി.എല്ലിന്റെ (കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ലിമിറ്റഡ്) മംഗളൂരു യൂനിറ്റാണ് റോഡ് നിർമിച്ചത്. റോഡ് നിർമാണത്തിനിടെ യാതൊരു മുൻകരുതലുകളോ യന്ത്രസാമഗ്രികളോ പരിസ്ഥിതി സുരക്ഷാ വിലയിരുത്തലോ ഇല്ലാതെയാണ് കുന്ന് വെട്ടിമാറ്റിയതെന്ന് അശ്വിനി പരാതിയിൽ പറഞ്ഞിരുന്നു.
അഞ്ചു വർഷം പഴക്കമുള്ള കോൺക്രീറ്റ് വീടിനെ ‘80 വർഷം പഴക്കമുള്ള ഘടന’എന്ന് തെറ്റായി വിശേഷിപ്പിക്കുകയും ചെയ്തതായി അവർ പറഞ്ഞു. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെയോ സംസ്ഥാനതല എൻജിനീയറുടെയോ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് അശ്വിനി മനുഷ്യാവകാശ കമീഷനിൽ രണ്ടാമത്തെ ഹരജി സമർപ്പിച്ചിട്ടുണ്ട്. ചികിത്സക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാരം തീരുകയും തിരികെ പോകാൻ വീടുമില്ലാത്ത അവസ്ഥയിൽ ജനകീയ ഫണ്ട് ശേഖരണത്തിന്റെ തണലിലാണ് അശ്വിനി ജീവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

