ലാൽബാഗിൽ മാമ്പഴ-ചക്ക മേളക്ക് തുടക്കം
text_fieldsബംഗളൂരു ലാൽബാഗിൽ ആരംഭിച്ച മാമ്പഴ-ചക്ക മേളയിൽനിന്ന്
ബംഗളൂരു: ഹോർട്ടികൾച്ചർ പ്രൊഡ്യൂസ് ഗ്രോവേഴ്സ് കോഓപറേറ്റിവ് മാർക്കറ്റിങ് ആൻഡ് പ്രൊസസിങ് സൊസൈറ്റി ലിമിറ്റഡിന് (ഹോപ്കോംസ്) കീഴിൽ ബംഗളൂരു ലാൽബാഗിൽ 10 ദിവസത്തെ മാമ്പഴ-ചക്ക മേളക്ക് തുടക്കമായി. മന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനം നിർവഹിച്ചു. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം.
മല്ലിക, മൽഗോവ, ദസരി, കേസർ, സിന്ദൂരം, അൽഫോൺസോ, ബംഗനപ്പള്ളി, ബദാമി, റാസ്പുരി, തോട്ടാപൂരി, കാലാപടി തുടങ്ങി വിവിധയിനം മാമ്പഴങ്ങളും ചക്കകളും മേളയിൽ പ്രദർശനത്തിനും വിൽപനക്കുമായി അണിനിരത്തിയിട്ടുണ്ട്. ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡന് സമീപത്തെ ഹോപ്കോംസ് സ്റ്റാളിലാണ് പ്രദർശനം. നിലവിൽ ഹോപ്കോംസ് സ്റ്റാളുകളിൽ സീസൺ വിൽപന ആരംഭിച്ചിരുന്നതായി ഹോപ്കോംസ് എം.ഡി മിർജി ഉമേഷ് ശങ്കർ പറഞ്ഞു. സ്വകാര്യ കമ്പനികളും മാമ്പഴ കർഷകരും നേരിട്ട് മാമ്പഴങ്ങൾ വീടുകളിലെത്തിച്ചുനൽകുന്നുണ്ട്.
കര്‍ണാടക ഹോർട്ടികള്‍ച്ചര്‍ വകുപ്പിന് കീഴിലുള്ള കര്‍ണാടക സ്റ്റേറ്റ് മാംഗോ ഡെവലപ്മെന്റ് ആന്‍ഡ് മാര്‍ക്കറ്റിങ് കോർപറേഷന് ലിമിറ്റഡ് തപാൽ വകുപ്പുമായി ചേർന്ന് വീടുകളിൽ മാങ്ങയെത്തിക്കുന്നു. കര്‍ണാടക തപാല്‍ വകുപ്പ് മാമ്പഴം വിതരണം ചെയ്യാന്‍ സാധിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് karsirimangoes.karnataka.gov.in വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ബംഗളൂരു നഗരത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. ഗുണമേന്മയുള്ള പ്രകൃതിദത്തമായ രീതിയില്‍ പഴുപ്പിച്ച, കേടുകളില്ലാത്ത, കയറ്റുമതി നിലവാരമുള്ള മാമ്പഴങ്ങൾ ഇതുവഴി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതേ മാതൃകയിൽ കോലാറിലെ മാമ്പഴ കർഷകരും മാങ്ങ വീടുകളിലെത്തിച്ച് നൽകുന്നുണ്ട്. കോലാര്‍ മംഗോസ് എന്ന പേരിൽ തപാല്‍ വകുപ്പുമായി സഹകരിച്ചാണ് ഓണ്‍ലൈനായി മാമ്പഴം വീടുകളില്‍ എത്തിക്കുന്നത്.