മംഗളൂരു ആൾക്കൂട്ട ആക്രമണ കൊല; വസ്തുതാന്വേഷണ റിപ്പോർട്ട് അടുത്താഴ്ച സർക്കാറിന് സമർപ്പിക്കും
text_fieldsബംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരു കുഡുപ്പു ഗ്രാമത്തിൽ ഏപ്രിൽ 27ന് മലപ്പുറം വേങ്ങര സ്വദേശി അഷ്റഫ് (39) ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം സംബന്ധിച്ച് അഭിഭാഷകരുടെയും ആക്ടിവിസ്റ്റുകളുടെയും കൂട്ടായ്മ തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട് അടുത്ത ആഴ്ച സർക്കാറിന് സമർപ്പിക്കും. പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ), അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ), ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് (എ.ഐ.എൽ.എജെ) എന്നിവയുൾപ്പെടെ നിരവധി പൗരാവകാശ സംഘടനകൾ ചേർന്നാണ് വസ്തുതാന്വേഷണം നടത്തിയത്.
സംഭവത്തെത്തുടർന്ന് അന്വേഷണപരവും ഭരണപരവുമായ നിരവധി പരാജയങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയതായി സംഘടനകൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. വസ്തുതാന്വേഷണ റിപ്പോർട്ട് ശനിയാഴ്ച ബംഗളൂരുവിൽ പുറത്തിറക്കി. 164 പേജുള്ള രേഖയിൽ കണ്ടെത്തലുകൾ സമാഹരിച്ചു.
ഇരയുടെ കുടുംബത്തിൽനിന്നും ദൃക്സാക്ഷികളിൽനിന്നുമുള്ള സാക്ഷ്യപത്രങ്ങൾ, ദക്ഷിണ കന്നടയിലെ സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥയുടെ വിശകലനം എന്നിവ റിപ്പോർട്ടിൽ ഉൾപ്പെടുന്നു. കർണാടക ദലിത് സംഘർഷ സമിതി (അംബേദ്കർ വട) സംസ്ഥാന കൺവീനർ മാവള്ളി ശങ്കർ, അരികുവത്കരിക്കപ്പെട്ട സമൂഹങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിലെ വ്യവസ്ഥാപരമായ പരാജയങ്ങൾ എടുത്തുകാണിച്ചു.
അഷ്റഫ് വധത്തെത്തുടർന്ന് മംഗളൂരുവിൽ ഗുണ്ടാ തലവനും ബജ്റംഗ്ദൾ നേതാവുമായ സുഹാസ് ഷെട്ടി, കൊൽത്തമജലു മസ്ജിദ് കമ്മിറ്റി സെക്രട്ടറി അബ്ദുൽ റഹീം എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്ന് കർണാടക സർക്കാർ ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട്, മംഗളൂരു സിറ്റി പൊലീസ് കമീഷണർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരെ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥലം മാറ്റിയിരുന്നു. തുടർന്ന് താഴെത്തട്ടിലുള്ള ഓഫിസർമാരേയും കൂട്ടത്തോടെ സ്ഥലം മാറ്റി. ദക്ഷിണ കന്നട, ഉഡുപ്പി, ചിക്കമഗളൂരു ജില്ലകൾ പരിധിയും മംഗളൂരു ആസ്ഥാനവുമായി വർഗീയ വിരുദ്ധ പൊലീസ് സേനയും രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

