മംഗളൂരു-മടിക്കേരി പാതക്ക് ഭീഷണിയായി കുടക് കലക്ടറേറ്റ് മതിൽ തകരുന്നു
text_fieldsമംഗളൂരു-മടിക്കേരി പാതയിലേക്കുള്ള മണ്ണൊലിപ്പ് തടയാൻ മതിൽ കൂറ്റൻ ടാർപോളിനുകൾ കൊണ്ട് പുതച്ച നിലയിൽ
മടിക്കേരി: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടംനേടിയ കുടക് ജില്ല ഡെപ്യൂട്ടി കമീഷണർ ഓഫിസ് കോമ്പൗണ്ടിന്റെ അഴിമതി മതിൽ മഴ കനത്തതോടെ ഇടിഞ്ഞ് മണ്ണ് പുറത്തേക്ക് ഒഴുകുന്നു.
കയറ്റവും ഇറക്കവുമുള്ള മംഗളൂരു-മടിക്കേരി പാതയിലേക്കുള്ള മണ്ണൊലിപ്പ് മതിൽ കൂറ്റൻ ടാർപോളിനുകൾകൊണ്ട് പുതച്ച് തടയാനുള്ള ശ്രമത്തിലാണ് അധികൃതർ.
നഗരത്തിൽ ഏറ്റവും ഗതാഗത തിരക്ക് അനുഭവപ്പെടുന്ന ഈ പാതയിൽ മണ്ണിടിഞ്ഞു വീണാൽ അന്തർസംസ്ഥാന വാഹന സർവിസുകൾ തടസ്സപ്പെടും.
ഏഴര കോടി രൂപ ചെലവഴിച്ച് കഴിഞ്ഞ വർഷം ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ചാണ് മതിൽ പണിതതെന്ന് ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് പ്രചാരണായുധമാവുകയും ചെയ്തു.
മതിൽ സംബന്ധിച്ച് ഉറപ്പുകൾ നൽകിയ മടിക്കേരി, വീരാജ്പേട്ട കോൺഗ്രസ് സ്ഥാനാർഥികൾ എം.എൽ.എമാരായെങ്കിലും കോൺഗ്രസ് അധികാരത്തിൽ വന്നിട്ടും ഒന്നും ചെയ്യാനാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. പൊതുമരാമത്ത് വകുപ്പ് മടിക്കേരി ഡിവിഷൻ ജൂനിയർ എൻജിനീയർ ദേവരാജുവിന്റെ സസ്പെൻഷൻ മാത്രമാണ് കൈക്കൊണ്ട നടപടി. കഴിഞ്ഞ വർഷം ജൂലൈയിൽതന്നെ 40 അടി ഉയരമുള്ള മതിൽ തകർന്നുതുടങ്ങിയിരുന്നു. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി) ശാസ്ത്രജ്ഞർ നടത്തിയ പരിശോധനയിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റിപ്പണിയുകയല്ലാതെ വഴിയില്ലെന്നാണ് റിപ്പോർട്ട് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

