മംഗളൂരു-കബക്ക പുത്തൂർ പാസഞ്ചർ സുബ്രഹ്മണ്യയിലേക്ക് നീട്ടി
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ റെയിൽവേ യാത്രക്കാരുടെ 18 വർഷം നീണ്ട സമരം ലക്ഷ്യം കണ്ടു. മംഗളൂരു സെൻട്രൽ-കബക്ക പുത്തൂർ പാസഞ്ചർ ട്രെയിൻ സുബ്രഹ്മണ്യ റോഡ് സ്റ്റേഷനിലേക്ക് നീട്ടണമെന്ന ആവശ്യം ഇന്ത്യൻ റെയിൽവേ ബോർഡ് ഒടുവിൽ അംഗീകരിച്ചു. ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയും ഹുബ്ബള്ളി ആസ്ഥാനമായ ദക്ഷിണ പശ്ചിമ റെയിൽവേയും 2024 നവംബർ 25ന് റെയിൽവേ ബോർഡിന് അയച്ച നിർദേശത്തിൽ വിപുലീകരണം ശിപാർശ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം റെയിൽവേ ബോർഡ് ജോയന്റ് ഡയറക്ടർ (കോച്ചിങ്) വിവേക് കുമാർ സിൻഹ വിപുലീകരണത്തിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് ട്രെയിൻ മംഗളൂരു സെൻട്രൽ സ്റ്റേഷനിൽനിന്ന് പുലർച്ച നാലിന് പുറപ്പെട്ട് 6.30ന് സുബ്രഹ്മണ്യ റോഡ് സ്റ്റേഷനിൽ എത്തിച്ചേരും. തുടർന്ന് ട്രെയിൻ സുബ്രഹ്മണ്യ റോഡിൽനിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് 9.30ന് മംഗളൂരു സെൻട്രലിൽ തിരിച്ചെത്തും.
വൈകീട്ട് ട്രെയിൻ മംഗളൂരു സെൻട്രലിൽനിന്ന് 5.45ന് പുറപ്പെട്ട് രാത്രി 8.10ന് സുബ്രഹ്മണ്യ റോഡ് സ്റ്റേഷനിൽ എത്തിച്ചേരും. തുടർന്ന് രാത്രി 8.40ന് സുബ്രഹ്മണ്യ റോഡിൽനിന്ന് പുറപ്പെട്ട് രാത്രി 11.10ന് മംഗളൂരു സെൻട്രലിൽ തിരിച്ചെത്തും. സുബ്രഹ്മണ്യ റോഡ് സ്റ്റേഷനിൽ രാത്രി മുഴുവൻ ട്രെയിൻ നിർത്തണമെന്ന് ആവശ്യമുണ്ടായിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം ഈ അഭ്യർഥന ഉപേക്ഷിക്കുകയായിരുന്നു. ദീർഘകാലമായുള്ള ഈ ആവശ്യം അംഗീകരിക്കപ്പെട്ടതിൽ യാത്രക്കാരും റെയിൽവേ പ്രവർത്തകരും സന്തോഷം പ്രകടിപ്പിച്ചു. കുക്കെ സുബ്രഹ്മണ്യയിലേക്കുള്ള തീർഥാടകർക്ക് മാത്രമല്ല, സുബ്രഹ്മണ്യ, ഇടമംഗല, കണിയൂർ, സർവേ, പരിസര പ്രദേശങ്ങളിലെ താമസക്കാർക്ക് മംഗളൂരുവിലേക്ക് ഈ ട്രെയിൻ ഏറെ പ്രയോജനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

