മംഗളൂരു ജയിൽ സംഘർഷം: കൂടുതൽ ജയിലുകളിൽ റെയ്ഡ്
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ല ജയിലിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെതുടർന്ന് കൂടുതൽ ജയിലുകളിൽ റെയ്ഡ് നടത്തി. അനധികൃത മൊബൈൽ ഫോൺ ഉപയോഗം, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയവ തടയാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്ന് ജയിൽ ഡി.ജി.പി അലോക് കുമാർ ‘എക്സ്’ പോസ്റ്റിൽ അറിയിച്ചു.
കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ കലബുറുഗി, മംഗളൂരു, ശിവമൊഗ്ഗ എന്നിവയുൾപ്പെടെയുള്ള ജയിലുകളിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും സിം കാർഡുകളും കണ്ടെടുത്തു. ജയിൽ വളപ്പിനുള്ളിൽ കള്ളക്കടത്ത് വസ്തുക്കൾക്കെതിരെയുള്ള തിരച്ചിൽ സംസ്ഥാനത്തുടനീളം തുടരുകയാണെന്ന് ഡി.ജി.പി പറഞ്ഞു. കലബുറഗിയിൽനിന്ന് 10 മൊബൈൽ ഫോണുകൾ, നാല് സിം കാർഡുകൾ, മംഗളൂരുവിൽനിന്ന് ആറ് ഫോണുകൾ, ബള്ളാരിയിൽനിന്ന് നാല് ഫോണുകൾ, ശിവമൊഗ്ഗ ജയിലുകളിൽനിന്ന് മൂന്ന് ഫോണുകൾ, നാല് സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തു.
ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയിൽ വ്യാഴാഴ്ച രാത്രി വൈകി നടത്തിയ പരിശോധനയിൽ 30 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായി അലോക് കുമാർ വെളിപ്പെടുത്തി. തിരച്ചിൽ സംഘത്തിന് നേതൃത്വം നൽകിയ എസ്.പി അൻഷു കുമാറും ജയിലർ ശിവകുമാറും നടത്തിയ മികച്ച സേവനത്തെ അഭിനന്ദിച്ച ഡി.ജി.പി തിരയൽ സംഘത്തിന് 30,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മയക്കുമരുന്ന് വസ്തുക്കൾ, കത്തികൾ, മറ്റ് വസ്തുക്കൾ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് അലോക് കുമാർ പറഞ്ഞു.
മംഗളൂരു ജില്ല ജയിലിൽ ചൊവ്വാഴ്ച രാത്രി രണ്ട് ബ്ലോക്കുകളിലെ തടവുകാർ തമ്മിലുണ്ടായ സംഘർഷം ഒതുക്കാൻ എത്തിയ പൊലീസും ജയിൽ അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിൽ നാല് മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു. ജയിൽ സൂപ്രണ്ട് ശരണബസപ്പ നടത്തിയ അപ്രതീക്ഷിത പരിശോധനക്കിടെ എ, ബി ബ്ലോക്കുകളിലെ തടവുകാർ ബഹളം വെച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

