മംഗളൂരു ഐ.ടി പാർക്ക് ടെൻഡറുകൾ തിങ്കളാഴ്ച തുറക്കും -മന്ത്രി ഖാർഗെ
text_fieldsമംഗളൂരു: വാണിജ്യ സ്ഥാപനങ്ങൾക്ക് ഇടം നൽകി മംഗളൂരുവിൽ പുതിയ ഐ.ടി പാർക്കിന്റെ നിർമാണത്തിനായി കർണാടക സർക്കാർ ഡിസംബർ 15ന് ബിഡുകൾ തുറക്കും. പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിൽ ഒക്ടോബർ അവസാനത്തോടെയാണ് ടെൻഡറുകൾ നൽകിയത്. ഈ മേഖലയിൽനിന്നുള്ള എം.എൽ.എമാരുടെ ചോദ്യങ്ങൾക്ക് നിയമസഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മംഗളൂരു, ഉഡുപ്പി, മണിപ്പാൽ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ ഐ.ടി/ബി.ടി നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് ഖാർഗെ പറഞ്ഞു. പ്രാദേശിക എം.എൽ.എമാരുടെ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി ആവശ്യമെങ്കിൽ ടെൻഡർ മാർഗനിർദേശങ്ങൾ പരിഷ്കരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
135 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി സംസ്ഥാനത്തിന്റെ ‘ബിയോണ്ട് ബംഗളൂരു’ സംരംഭത്തിന്റെ ഭാഗമാണ്. കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ (കിയോണിക്സ്) നടത്തിയ ടെൻഡറിൽ ഡിസൈൻ-ബിൽഡ്-ഫിനാൻസ്-ഓപറേറ്റ്-ട്രാൻസ്ഫർ (ഡി.ബി.എഫ്.ഒ.ടി) മോഡലിൽ 30 വർഷത്തെ പാട്ടത്തിന് സർക്കാർ ഭൂമി വാഗ്ദാനം ചെയ്യുന്നു.
30 വർഷത്തേക്കുകൂടി നീട്ടാനും കഴിയും. ദേശീയപാത 66ൽനിന്ന് കിലോമീറ്ററിൽ താഴെ മാത്രം അകലെയുള്ള ഡെറെബെയ്ലിലെ ബ്ലൂബെറി ഹിൽസ് റോഡിന് സമീപമുള്ള 3.2 ഏക്കർ സ്ഥലത്താണ് ഐ.ടി പാർക്ക് ഉയരുക. നിർദിഷ്ട ടെക് പാർക്കിൽ കമ്പനികൾ നിക്ഷേപം നടത്തുമെന്ന് ഖാർഗെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡെൻമാർക്ക് ആസ്ഥാനമായുള്ള ഒരു ഗ്ലോബൽ കപ്പാസിറ്റി സെന്റർ ഇതിനകം മംഗളൂരുവിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

