മംഗളൂരു വിമാനത്താവളം ‘ബോംബ് ഭീഷണിയിൽ’ വിറച്ചു; പിന്നെ ഊറിച്ചിരിച്ചു
text_fieldsമംഗളൂരു വിമാനത്താവളത്തിൽ വെള്ളിയാഴ്ച നടന്ന മോക്ഡ്രില്ലിൽ നിന്ന്
മംഗളൂരു: വിമാനത്താവളത്തിൽ സുരക്ഷാ ഭീഷണി ഉണ്ടായാൽ തയാറെടുപ്പും പ്രതികരണശേഷിയും പരീക്ഷിക്കുന്നതിനായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം തിങ്കളാഴ്ച വാർഷിക ബോംബ് ഭീഷണി മോക്ഡ്രിൽ നടത്തി. ഇന്റഗ്രേറ്റഡ് കാർഗോ ടെർമിനലിൽ വ്യാജ സ്ഫോടകവസ്തുക്കൾ അടങ്ങിയ ‘ഉപേക്ഷിക്കപ്പെട്ട ബാഗ്’ഉൾപ്പെട്ടതായിരുന്നു മോക്ഡ്രിൽ.
കർണാടക പൊലീസിന്റെ ബോംബ് കണ്ടെത്തൽ, നിർമാർജന സ്ക്വാഡ്, മംഗളൂരു സിറ്റി പൊലീസ്, വിമാനത്താവളത്തിലെ മറ്റ് ആന്തരിക പങ്കാളികൾ എന്നിവരുമായി ഏകോപിപ്പിച്ച് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സി.ഐ.എസ്.എഫ്) എയർപോർട്ട് സെക്യൂരിറ്റി ഗ്രൂപ് സിമുലേറ്റഡ് ഭീഷണിയെ നിർവീര്യമാക്കി.
മോക്ക് ഡ്രില്ലിനുശേഷം പ്രതികരണത്തിന്റെ ഫലപ്രാപ്തി അവലോകനം ചെയ്യുന്നതിനും മെച്ചപ്പെടുത്തേണ്ട മേഖലകൾ തിരിച്ചറിയുന്നതിനുമായി വിശദീകരണ സെഷൻ നടന്നു. കമാൻഡന്റും ചീഫ് എയർപോർട്ട് സെക്യൂരിറ്റി ഓഫിസറുമായ അഭിഷേക് യാദവിന്റെ നേതൃത്വത്തിലായിരുന്നു വിശദീകരണം.
ഒന്നിലധികം ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും വിമാനത്താവളംപോലുള്ള സ്ഥലങ്ങളിലെ സുരക്ഷാ ഭീഷണികളോട് പ്രതികരിക്കാനുള്ള തയാറെടുപ്പ് വീണ്ടും ഉറപ്പിക്കുന്നതിനുമാണ് ഈ അഭ്യാസമെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

