മംഗളൂരു ഹജ്ജ് ഭവൻ യാഥാർഥ്യമാവുന്നു, ഇനായത്ത് അലി സംഭാവന ചെയ്ത ഭൂമിയിൽ
text_fieldsഭൂമി കൈമാറ്റ രേഖയിൽ ഇനായത്ത് അലി ഒപ്പിടുന്നു
മംഗളൂരു: ഹജ്ജ് തീർഥാടകരുടെ ചിരകാല ആവശ്യമായ മംഗളൂരു ഹജ്ജ് ഭവൻ യാഥാർഥ്യമാവുന്നു. മംഗളൂരു രാജ്യാന്തര വിമാനത്താവള പരിസരത്ത് ബജ്പെയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയും വ്യവസായിയുമായ ഇനായത്ത് അലി സംഭാവന ചെയ്ത 1.8 ഏക്കർ ഭൂമിയിൽ ഭവൻ പണിയാൻ പ്രാരംഭ ഫണ്ടായി സംസ്ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ചു. പദ്ധതിക്ക് കൂടുതൽ ഫണ്ട് ന്യൂനപക്ഷ വകുപ്പ് വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
ഭൂമി ലഭ്യമല്ലാത്ത പ്രശ്നം പരിഹരിക്കപ്പെട്ടതിനാൽ ന്യൂനപക്ഷ വകുപ്പ് ഉടൻ നിർമാണ പ്രവർത്തനം ആരംഭിക്കും. ഹജ്ജ് ഭവൻ നിർമിക്കുന്നതിന് കെഞ്ചാറിൽ നേരത്തേ ഏകദേശം രണ്ട് ഏക്കർ സ്ഥലം നീക്കിവെച്ചിരുന്നു. എന്നാൽ, സാങ്കേതിക പ്രശ്നങ്ങളാൽ നടപടി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതിനെത്തുടർന്നാണ് ഇനായത്ത് അലി എട്ടു കോടി രൂപ വിലവരുന്ന ഭൂമി സംഭാവന ചെയ്യാൻ സന്നദ്ധനായത്. മംഗളൂരു നോർത്ത് മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഇനായത്ത് അലിയുടെ ഭൂമി കൈമാറ്റത്തിലൂടെ 16 വർഷമായി നിലനിൽക്കുന്ന ഹജ്ജ് മന്ദിരം നിർമാണ തടസ്സത്തിനാണ് പരിഹാരമാവുന്നത്. ബജ്പെയിൽ തന്റെ കുടുംബ സ്വത്തിന്റെ ഒരു ഭാഗമാണ് കൈമാറിയത്.
2.3 ഏക്കർ സ്ഥലത്തിൽ 50 സെന്റ് റോഡ് വികസനത്തിനും ബാക്കി ഹജ്ജ് കമ്മിറ്റിക്കും കൈമാറാൻ തീരുമാനിക്കുകയായിരുന്നു. തീർഥാടകരെ ഉൾക്കൊള്ളാനുള്ള എല്ലാ സൗകര്യങ്ങൾക്കും പുറമേ ഹജ്ജ് ഭവനിൽ ഓഡിറ്റോറിയവും പ്രാർഥന ഹാളും സജ്ജീകരിക്കും. കോവിഡ് കാലത്ത് നിർത്തിവെച്ച മംഗളൂരു ഹജ്ജ് എംബാർക്കേഷൻ പോയിന്റിനായുള്ള ആവശ്യത്തിനും ഹജ്ജ് ഭവൻ നിർമാണത്തോടെ പരിഹാരമാവും.
2019ൽ മംഗളൂരുവിലെ എംബാർക്കേഷൻ സൗകര്യം നിർത്തലാക്കിയതിനെ തുടർന്ന് ദക്ഷിണ കന്നട, ഉടുപ്പി, ഉത്തര കന്നട, ചിക്കമഗളൂരു, കുടക്, ഹാസൻ ജില്ലകളിലെ ഹജ്ജ് തീർഥാടകർ വലിയ അസൗകര്യം നേരിടുകയാണ്. മംഗളൂരു വിമാനത്താവളം 2012നും 2019നും ഇടയിൽ ജിദ്ദയിലേക്കും മദീനയിലേക്കും നേരിട്ട് ഹജ്ജ് വിമാന സർവിസുകൾ നടത്തിയിരുന്നു.
പ്രതിവർഷം 1500ൽ അധികം തീർഥാടകർ ആ സൗകര്യം ഉപയോഗപ്പെടുത്തിയതായാണ് കണക്ക്. എംബാർക്കേഷന് ബംഗളൂരുവിലേക്ക് 345 കിലോമീറ്റർ സഞ്ചരിക്കണമെന്നത് തീർഥാടകർക്ക്, പ്രത്യേകിച്ച് പ്രായമായവർക്കും സ്ത്രീകൾക്കും വലിയ ബുദ്ധിമുട്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

