മംഗളൂരു സർവകലാശാല; പി.ജി കോഴ്സുകൾക്ക് ഡിജിറ്റൽ മൂല്യനിർണയം
text_fieldsമംഗളൂരു: സർവകലാശാല ഈ ജൂൺ മുതൽ ബിരുദാനന്തര ബിരുദ (പി.ജി) കോഴ്സുകൾക്ക് ഡിജിറ്റൽ മൂല്യനിർണയം അവതരിപ്പിക്കുമെന്ന് വൈസ് ചാൻസലർ പ്രഫ. പി.എൽ. ധർമ. ഇതിലൂടെ സമയവും പരിശ്രമവും ഗണ്യമായി ലാഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. സർവകലാശാലയിലെ റാണി അബ്ബക്ക ഓഡിറ്റോറിയത്തിൽ നടന്ന അക്കാദമിക് കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു വി.സി.
പരീക്ഷക്കുശേഷം ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് ബന്ധപ്പെട്ട മൂല്യനിർണയക്കാർക്ക് ഡിജിറ്റലായി അയക്കും. മൊബൈൽ ഒ.ടി.പി ഉപയോഗിച്ച് മൂല്യനിർണയക്കാർക്ക് ഫയലുകൾ ലഭിക്കും. പൈലറ്റ് ഘട്ടത്തിലുള്ള പദ്ധതി ജൂൺ മുതൽ നടപ്പിലാക്കും. നിലവിൽ, ബിരുദ (യു.ജി) പരീക്ഷകളിൽ ഉദ്യോഗാർഥികളുടെ എണ്ണം കൂടുതലായതിനാലാണ് ഡിജിറ്റൽ മൂല്യനിർണയം പി.ജി കോഴ്‌സുകൾക്ക് മാത്രമാക്കിയത്. ഡിജിറ്റൽ മൂല്യനിർണയം നടപ്പിലാക്കുന്നതിനായി വിഷയ വിദഗ്ധർ സർവകലാശാല ജീവനക്കാർക്ക് പരിശീലനം നൽകുമെന്നും വി.സി പറഞ്ഞു.
2000ത്തിൽ താഴെയാണ് പി.ജി വിദ്യാർഥികളുടെ എണ്ണം. ആകെ 17,000 ഉത്തരക്കടലാസുകൾ മാത്രമേയുള്ളൂ എന്നത് ഡിജിറ്റൽ മൂല്യനിർണയം സാധ്യമാക്കുന്നു. അടുത്ത രണ്ടും നാലും സെമസ്റ്റർ പരീക്ഷകൾ മുതൽ ഈ സംവിധാനം നടപ്പിലാക്കും. വിജയകരമാണെങ്കിൽ സർവകലാശാലയുടെ അധികാരപരിധിയിലുള്ള യു.ജി കോഴ്സുകളിലേക്കും വ്യാപിപ്പിക്കും.
യു.ജി ഫലത്തിന് ശേഷം മാർക്ക് കാർഡുകളുടെ സോഫ്റ്റ് കോപ്പികൾ മാത്രമേ നൽകാവൂ എന്ന സർക്കാർ നിർദേശം ഉണ്ടായിരുന്നിട്ടും വിദേശ ആവശ്യങ്ങൾക്ക് അച്ചടിച്ച രേഖകൾ ആവശ്യമുള്ളതിനാൽ വിദ്യാർഥികളുടെ പ്രയോജനത്തിനായി സർവകലാശാല അച്ചടിച്ച മാർക്ക് കാർഡുകൾ നൽകുന്നത് തുടരുകയാണ്. ഇതുസംബന്ധിച്ച് സർക്കാറിന് വിശദീകരണം സമർപ്പിക്കുകയും അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ടെന്ന് ധർമ പറഞ്ഞു.
യു.ജി കോഴ്‌സുകൾ പൂർത്തിയാക്കിയ ഏകദേശം 17,500 വിദ്യാർഥികൾക്ക് ഇതിനകം മാർക്ക് കാർഡുകൾ വിതരണം ചെയ്തു. പി.ജി മാർക്ക് കാർഡുകളുടെ അച്ചടി പുരോഗമിക്കുകയാണ്. ഇതിനായി സംസ്ഥാന സർക്കാറിന്റെ അനുമതി ലഭിച്ചു. സർവകലാശാലയുടെ 44ാമത് ബിരുദദാന സമ്മേളനം 15നും 20നുമിടയിൽ നടക്കും.രജിസ്ട്രാർ പ്രഫ. ഗണേഷ് സഞ്ജീവ്, രജിസ്ട്രാർ (മൂല്യനിർണയം), പ്രഫ. ദേവേന്ദ്രപ്പ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

